മോദിയുടെ ആരോപണം നിഷേധിച്ച് മുന്‍ അഡ്മിറല്‍; രാജീവ് ഗാന്ധി കുടുംബത്തോടൊപ്പം യുദ്ധക്കപ്പലില്‍ ഉല്ലാസയാത്ര നടത്തിയിട്ടില്ല

യുദ്ധക്കപ്പലില്‍ ലക്ഷ്വദ്വീപിലേക്ക് രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്ന് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയിരുന്ന അഡ്മിറല്‍ രാംദാസിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ടു ചെയ്തു.

Update: 2019-05-09 15:37 GMT

മുംബൈ: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധി ഐഎന്‍എസ് വിരാട് യുദ്ധക്കപ്പലില്‍ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്ന ആരോപണം നിഷേധിച്ച് റിട്ട. അഡ്മിറല്‍ എം. രാംദാസ്. യുദ്ധക്കപ്പലില്‍ ലക്ഷ്വദ്വീപിലേക്ക് രാജീവ് ഗാന്ധി ഔദ്യോഗിക യാത്രയാണ് നടത്തിയതെന്ന് അന്ന് ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് ആയിരുന്ന അഡ്മിറല്‍ രാംദാസിന്റെ പ്രസ്താവനയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപോര്‍ട്ടു ചെയ്തു.

ദ്വീപ് വികസന സമിതിയുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കാനാണ് അദ്ദേഹം പോയത്. ആന്‍ഡമാനിലും ലക്ഷ്വദ്വീപിലുമായി ഒന്നിടവിട്ടാണ് വികസന സമിതി യോഗം ചേര്‍ന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ഐഎന്‍എസ് വിരാടിലോ അതിനെ അനുഗമിച്ച മറ്റു നാല് യുദ്ധക്കപ്പലുകളിലോ ഒരു തരത്തിലുള്ള പാര്‍ട്ടിയും നടന്നിട്ടില്ല. ഏതെങ്കിലും വിദേശിയോ രാജീവ്ഗാന്ധിയുടെ മകനും ഇപ്പോഴത്തെ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധിയോ യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും അഡ്മിറല്‍ രാംദാസ് പ്രസ്താവനയില്‍ അറിയിച്ചു.

അതിര്‍ത്തി രക്ഷയ്ക്കുള്ള യുദ്ധക്കപ്പല്‍ രാജീവ് ഗാന്ധി ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം മോദി ആരോപിച്ചത്. ഡല്‍ഹി രാംലീല മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി വിവാദ പരാമര്‍ശം നടത്തിയത്. ഐഎന്‍എസ് വിരാടിനെ ടാക്‌സിയായി ഉപയോഗിച്ച ആദ്യ കുടുംബമാണ് രാജീവ് ഗാന്ധിയുടേതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

അതിനിടെ, പ്രധാനമന്ത്രി മോദിയുടെ ആരോപണം റിട്ട. വൈസ് അഡ്മിറല്‍ വിനോദ് പാസ്‌രിചയും തള്ളിയിട്ടുണ്ട്.

എന്നാല്‍, രാജീവ് ഗാന്ധിക്കൊപ്പം ഭാര്യ സോണിയാഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. എല്ലാ നടപടിക്രമങ്ങളും പാലിച്ചിരുന്നുവെന്നും വിദേശികള്‍ ആരും യുദ്ധക്കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. അക്കാലത്ത് ഐ.എന്‍.എസ് വിരാടിന്റെ ചുമതല വഹിച്ചിരുന്നത് വിനോദ് പാസ്‌രിച ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags:    

Similar News