ഭൂമി തര്‍ക്കം; ബിഹാറില്‍ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു

Update: 2022-12-26 03:35 GMT

പട്‌ന: ബിഹാറിലെ ബേട്ടിയ ജില്ലയിലെ ഗ്രാമത്തില്‍ ഭൂമി തര്‍ക്കത്തിനിടെ അഞ്ച് സ്ത്രീകള്‍ക്ക് വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ എല്ലാവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിഹാറിലെ ബേട്ടിയ ജില്ലയിലാണ് സംഭവം. പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ നക്തി പട്‌വാര ഗ്രാമത്തില്‍ സ്ത്രീകള്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് പോലിസ് പറഞ്ഞു.

1985ല്‍ സര്‍ക്കാര്‍, ഭൂരഹിതരായ തൊഴിലാളികള്‍ക്കുള്ള ഗ്രാന്റിന്റെ ഭാഗമായാണ് ഭൂമി തങ്ങള്‍ക്ക് നല്‍കിയതെന്ന് ഗ്രാമവാസികള്‍ അവകാശപ്പെടുന്നു. കുടിയിറക്കപ്പെട്ടവര്‍ അവകാശവാദമുന്നയിച്ചതോടെ വിഷയം കോടതിയിലേക്ക് നീങ്ങി. 2004 മുതല്‍ കോടതി ഈ ഭൂമിയിന്‍മേലുള്ള നടപടികള്‍ മരവിപ്പിച്ചു. എന്നാല്‍, ഞായറാഴ്ച രാവിലെ സ്ഥലത്തിന്റെ മുന്‍ ഉടമ ശിശിര്‍ ദുബെ ട്രാക്ടര്‍ കൊണ്ടുവന്ന് ബലമായി നിലം ഉഴുതുമറിക്കാന്‍ ശ്രമിച്ചു.

സ്ത്രീകള്‍ എതിര്‍പ്പുമായെത്തിയപ്പോള്‍ ഇയാള്‍ വെടിയുതിര്‍ക്കുതയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കുകയാണെന്നും വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും ബേട്ടിയ പോലിസ് സൂപ്രണ്ട് ഉപേന്ദ്രനാഥ് വര്‍മ പറഞ്ഞു. വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് ഫോറന്‍സിക് വിഭാഗം പരിശോധിച്ച് നടപടിയെടുക്കും.

Tags:    

Similar News