സന്യാസിനി സഭയില്‍ നിന്നും പുറത്താക്കിയ നടപടി തെറ്റ്: സിസറ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

ഫ്രാന്‍സിസ്‌ക്ന്‍ ക്ലാരിസ്റ്റ് സന്യാസിനി(എഫ്‌സിസി) സഭയില്‍ നിന്നും പുറത്താക്കിയെന്നും 10 ദിവസത്തിനുള്ളില്‍ നിന്നും താമസിക്കുന്ന മഠത്തില്‍ നിന്നും പുറത്തു പോകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇത്തരത്തിലൊരു നടപടി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.കന്യസ്ത്രീക്ക് പിന്തുണ നല്‍കിക്കൊണ്ട് താന്‍ സമരപന്തലില്‍ പോയത് തെറ്റായി കാണുന്നില്ല. തങ്ങള്‍ പോയില്ലെങ്കില്‍ പിന്നാരാണ് അവരെ പിന്തുണയ്ക്കുക.വിഷയത്തില്‍ താന്‍ മാധ്യമങ്ങളില്‍ സംസാരിച്ചപ്പോള്‍ ചില തെറ്റുകള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നുതാന്‍ വാഹനം വാങ്ങിയത് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി ആ വാഹനം മഠത്തില്‍ തന്നെയാണ് ഇട്ടിരിക്കുന്നത്.കവിതകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചതൊക്കെ തെറ്റാണെന്ന് പറഞ്ഞ് തന്നെ പുറത്താക്കുന്ന എഫ്‌സിസി അധികൃതരുടെ നടപടി നൂറു ശതമാനം തെറ്റാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

Update: 2019-08-07 07:11 GMT

കൊച്ചി: ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സഭയില്‍ നിന്നും തന്നെ പുറത്താക്കിയ നടപടി നൂറു ശതമാനവും തെറ്റാണെന്നും എത്രകാലം പറ്റുമോ അത്രയും കാലം താന്‍ സഭയില്‍ തന്നെ തുടരുമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ .ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സഭയില്‍ നിന്നും പുറത്താക്കിയതിനെതിരെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സിസ്റ്റര്‍ ലൂസി.തന്നെ പുറത്താക്കിക്കൊണ്ടുള്ള നടപടിയറിച്ചുകൊണ്ടുള്ള കത്തില്‍ സന്യാസിനി സഭയില്‍ നിന്നും രണ്ടു കന്യാസ്ത്രീകള്‍ എത്തി ഒപ്പു വാങ്ങിയെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.ഫ്രാന്‍സിസ്‌ക്ന്‍ ക്ലാരിസ്റ്റ് സന്യാസിനി(എഫ്‌സിസി) സഭയില്‍ നിന്നും പുറത്താക്കിയെന്നും 10 ദിവസത്തിനുള്ളില്‍ താമസിക്കുന്ന മഠത്തില്‍ നിന്നും പുറത്തു പോകണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എഫ് സി സി സന്യാസിനി സഭ തനിക്കെതിരെ എടുത്തിരിക്കുന്നത് നൂറു ശതമാനവുെതെറ്റായ നടപടിയാണെന്നും സിസ്റ്റര്‍ ലൂസി  പറഞ്ഞു.ഇത്തരത്തിലൊരു നടപടി താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.തനിക്ക് നേരത്തെ നല്‍കിയ നോട്ടീസുകളില്‍ താന്‍ കൊടുത്ത മറുപടി തൃപ്തികരമല്ലെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.പുറത്താക്കിയ നടപടിക്കെതിരെ സഭയുടെ ഇന്ത്യന്‍ പ്രതിനിധിയായ ന്യൂണ്‍ഷ്യോയ്ക്ക് പരാതി നല്‍കണമെങ്കില്‍ 10 ദിവസത്തിനുള്ളില്‍ നല്‍കാമെന്നാണ് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നാണ് മനസിലാകുന്നത്.ഇത് സംബന്ധിച്ച് കൂടുതല്‍ വ്യക്തത തേടേണ്ടതുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.

തന്നെ പുറത്താക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചുവെങ്കിലും താന്‍ പുറത്തായിട്ടില്ലെന്ന് തന്നെയാണ് തന്റെ വിചാരം.പുറത്തുപോകാന്‍ പറഞ്ഞാല്‍ താന്‍ എങ്ങോട്ടാണ് പോകുന്നത്.എഫ്‌സിസി സഭ തനിക്ക് പോകാന്‍ സ്ഥലം കാണിച്ചു തന്നിട്ടില്ലല്ലോയെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.7034 കന്യാസ്ത്രീകള്‍ എഫ്‌സിസി സഭയില്‍ ഉണ്ട്.അവരേക്കാള്‍ താഴെയല്ല താന്‍.താന്‍ മോശയമായതുകൊണ്ടാണ് തന്നെ പുറത്താക്കുന്നതെന്ന് ഒരിക്കലും സമ്മതിക്കില്ല.നേരത്തെ തനിക്ക് നല്‍കിയ കത്തില്‍ സ്വമേധയാ സഭയില്‍ നിന്നും പോകണമെങ്കില്‍ പോകാം അതിനാവശ്യമായ കാര്യങ്ങള്‍ ചെയ്തു തരാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ എന്തു കാര്യമാണ് ചെയ്ത് തരുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.സഭയില്‍ നിന്നും പോകുമ്പോള്‍ വ്രതമോചനമെന്ന് വ്യക്തമാക്കി കത്തു കൊടുക്കാറുണ്ട്. സഭയില്‍ നിന്നും പോകുമ്പോള്‍ വിവാഹം കഴിക്കണമെങ്കില്‍ അതിനായി കത്ത് നല്‍കാറുണ്ട്. എന്നാല്‍ തനിക്ക് അത്തരത്തില്‍ ഒരു കത്തിന്റെ ആവശ്യമില്ല.കാരണം താന്‍ സഭയില്‍ നിന്നും പോകുന്നില്ല.തന്നെ നിര്‍ബന്ധപൂര്‍വം ഇവര്‍ പറഞ്ഞുവിടുന്നതാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.എത്രത്തോളം ഇവിടെ ജീവിക്കാന്‍ പറ്റുമോ അത്രയും കാലം സഭയ്ക്കുളളില്‍ തന്നെ താന്‍ ജീവിക്കും.താന്‍ അംഗമായ സന്യാസിനി സഭയില്‍ നിന്നും താമസിക്കുന്ന സ്ഥലത്ത് നിന്നും ഇവര്‍ പുറത്താക്കിയ സാഹചര്യത്തില്‍ സത്യത്തില്‍ വിശ്വസിക്കുന്ന പൊതു സമൂഹം തനിക്കൊപ്പം നില്‍ക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്.

താന്‍ തെറ്റു ചെയ്തിട്ടില്ല. കന്യസ്ത്രീക്ക് പിന്തുണ നല്‍കിക്കൊണ്ട് താന്‍ സമരപന്തലില്‍ പോയത് തെറ്റായി കാണുന്നില്ല. തങ്ങള്‍ പോയില്ലെങ്കില്‍ പിന്നാരാണ് അവരെ പിന്തുണയ്ക്കുക.വിഷയത്തില്‍ താന്‍ മാധ്യമങ്ങളില്‍ സംസാരിക്കുകയും ചെയ്തിരുന്നു.അത് ആ വിഷയത്തില്‍ അവര്‍ക്കുവേണ്ടിയാണ് സംസാരിച്ചത്. അപ്പോള്‍ ചില തെറ്റുകള്‍ താന്‍ ചൂണ്ടിക്കാട്ടിയിരുന്നു.അത് നല്ല കാര്യമല്ലേയെന്നും സിസ്റ്റര്‍ ലൂസി കളപ്പരുയ്ക്കല്‍ പറഞ്ഞു.താന്‍ വാഹനം വാങ്ങിയത് ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്. എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനായി ആ വാഹനം മഠത്തില്‍ തന്നെയാണ് ഇട്ടിരിക്കുന്നത്.കവിതകള്‍ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിച്ചതൊക്കെ തെറ്റാണെന്ന് പറഞ്ഞ് തന്നെ പുറത്താക്കുന്ന എഫ്‌സിസി അധികൃതരുടെ നടപടി നൂറു ശതമാനം തെറ്റാണെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.കഴിഞ്ഞ രണ്ടര മാസമായി താന്‍ താമസിക്കുന്ന മഠത്തില്‍ നല്ല രീതിയില്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുണ്ട്. എന്നാല്‍ അതെല്ലാം താന്‍ ശാന്തമായി നേരിടുകയായിരുന്നു.എപ്പോഴെങ്കിലും ഇവര്‍ കാര്യങ്ങള്‍ മനസിലാക്കി തെറ്റു തിരുത്തുമെന്ന് താന്‍ വിശ്വസിച്ചിരുന്നു.പല കന്യാസ്ത്രീകളും തന്നോട് സംസാരിക്കില്ല. താന്‍ അവരോട് അങ്ങോട്ടു സംസാരിച്ച് ബന്ധം നിലനിര്‍ത്താനാണ് ശ്രമിച്ചിരുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.പ്രോവിന്‍സില്‍ നിന്നും വന്ന കന്യാസ്ത്രീകള്‍ തന്നെ പേടിപ്പിച്ചാണ് കത്തില്‍ ഒപ്പിടുവിച്ചുകൊണ്ടു പോയതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.തെറ്റു തിരുത്താന്‍ സഭയക്ക് ഇനിയും സമയമുണ്ടെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ വ്യക്തമാക്കി.

Tags:    

Similar News