ഹജ്ജ്: ഇന്ന് രണ്ട് വിമാനങ്ങളിലായി 730 പേര്‍ യാത്രയായി; നാളെ ക്യാംപിന് സമാപനം

ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം സഊദി സമയം വൈകീട്ട് 4 മണിയോടെ മദീനയില്‍ എത്തി. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 224 തീര്‍ത്ഥാടകരും പോണ്ടിച്ചേരിയില്‍ നിന്നുള്ള 38 തീര്‍ത്ഥാടകരും അന്തമാനില്‍ നിന്നുള്ള 103 തീര്‍ത്ഥാടകരുമാണ് യാത്രയായത്.

Update: 2022-06-15 17:52 GMT

ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരിയില്‍ നിന്നും ഇന്ന് രണ്ട് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. ഉച്ചക്ക് 12.30ന് എസ് വി 5717 നമ്പര്‍ വിമാനവും രാത്രി 7.50ന് എസ് വി 5563 നമ്പര്‍ വിമാനവുമാണ് സര്‍വ്വീസ് നടത്തിയത്. ഉച്ചയ്ക്ക് പുറപ്പെട്ട വിമാനം സഊദി സമയം വൈകീട്ട് 4 മണിയോടെ മദീനയില്‍ എത്തി. ഇതില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള 224 തീര്‍ത്ഥാടകരും പോണ്ടിച്ചേരിയില്‍ നിന്നുള്ള 38 തീര്‍ത്ഥാടകരും അന്തമാനില്‍ നിന്നുള്ള 103 തീര്‍ത്ഥാടകരുമാണ് യാത്രയായത്. അന്തമാനില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം ആദ്യമായിട്ടാണ് നെടുമ്പാശ്ശേരി വഴി യാത്രയാവുന്നത്. നേരത്തെ ചെന്നൈ വഴിയായിരുന്നു ഇവരുടെ യാത്ര. രാത്രി പുറപ്പെട്ട എസ് വി 5563 നമ്പര്‍ വിമാനത്തില്‍ കേരളത്തില്‍ നിന്നുള്ള 209 തീര്‍ത്ഥാടകരും തമിഴ്‌നാട്ടില്‍ നിന്നുള്ള 156 പേരും ഉള്‍പ്പെടെ 365 പേരാണ് യാത്രയായത്.

ഹജ്ജ് ക്യാംപിന്റെ സമാപന ദിവസമായ നാളെ (വ്യാഴം) മൂന്ന് വിമാനങ്ങള്‍ സര്‍വ്വീസ് നടത്തും. പുലര്‍ച്ചെ 3.10നു എസ് വി 5739, വൈകീട്ട് 6 മണിക്ക് എസ് വി 5747, രാത്രി 10.55 നു എസ് വി 5743 എന്നീ നമ്പര്‍ വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുക. ഇതോടെ സംസ്ഥാനത്ത് നിന്നും ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഈ വര്‍ഷത്തെ തീര്‍ത്ഥാടന യാത്ര അവസാനിക്കും. അവസാന വിമാനത്തിലെ തീര്‍ത്ഥാടകര്‍ക്കുള്ള പ്രത്യേക യാത്രയയപ്പ് പ്രാര്‍ത്ഥന സംഗമം നാളെ (വ്യാഴം)വൈകുന്നേരം 5 മണിക്ക് നടക്കും. ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, ക്യാമ്പ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിക്കും. ജൂലൈ 14 മുതലാണ് ജിദ്ധ വഴി തീര്‍ത്ഥാടകരുടെ മടക്ക യാത്ര ആരംഭിക്കുന്നത്.

Tags:    

Similar News