സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ പെട്ടെന്ന് ഇടപെടണം: സംസ്ഥാന പോലിസ് മേധാവി

പോലിസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ പ്രത്യേക നിര്‍ദേശം

Update: 2021-12-10 14:48 GMT

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ പരാതികളില്‍ വളരെ പെട്ടെന്ന് തന്നെ ഇടപെടണമെന്ന് സംസ്ഥാന പോലിസ് മേധാവി. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങളുടെ പരാതികളിലും വേഗത്തില്‍ നടപടി വേണമെന്നും ഡിജിപി അനില്‍കാന്ത് നിര്‍ദേശിച്ചു. പോലിസിന്റെ ഭാഗത്തുനിന്ന് തുടര്‍ച്ചയായുണ്ടാകുന്ന വീഴ്ചകളുടെ പശ്ചാത്തലത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഡിജിപിയുടെ പ്രത്യേക നിര്‍ദേശം. എഡിജിപി റാങ്ക് മുതല്‍ എസ്പി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരാണ് ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. ഗാര്‍ഹിക പീഡന പരാതികളില്‍ ഉടന്‍ അന്വേഷണം നടത്തണമെന്നും. പോക്‌സോ കേസുകളില്‍ സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കണമെന്നും യോഗത്തില്‍ ഡിജിപി നിര്‍ദേശിച്ചു.

 ആറ്റിങ്ങലിലെ പിങ്ക് പോലിസിന്റെ പരസ്യ വിചാരണയും ആലുവയിലെ നിയമവിദ്യാര്‍ഥിനിയുടെ ആത്മഹത്യയും ഉള്‍പ്പടെ പോലിസിനുണ്ടായ വീഴ്ചകളുടെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശം. ഓണ്‍ലൈനില്‍ ലഭിക്കുന്ന പരാതികളില്‍ ഫലപ്രദമായ നടപടി സ്വീകരിക്കണമെന്നും. പോലിസിന്റെ പ്രവര്‍ത്തനത്തില്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അനില്‍കാന്ത് വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനുശേഷം ആദ്യമായാണ് മുതിര്‍ന്ന പോലിസ് ഉന്നത പോലിസ് ഉദ്യോഗസ്ഥരെ പങ്കെടുക്കുന്ന ഉന്നതതലയോഗം നടക്കുന്നത്. പോലിസ് ആസ്ഥാനത്ത് ചേരുന്നത്. ഈയിടെ വിവിധ സംഭവങ്ങളില്‍ പോലിസിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.

Tags:    

Similar News