സാറ്റലൈറ്റ് ഫോണുമായി കോട്ടയത്ത് ഇസ്രായേല്‍ സ്വദേശി പിടിയില്‍; എന്‍ഐഎ ചോദ്യം ചെയ്തു

കോട്ടയം: സാറ്റലൈറ്റ് ഫോണുമായി ഇസ്രായേലി പൗരനെ പോലിസ് പിടികൂടി. ഡേവിഡ് എലി ലിസ്‌ബോണ (75) എന്നയാളെയാണ് മുണ്ടക്കയം പോലിസ് പിടികൂടിയത്. ഭാര്യയുമൊത്ത് ഇസ്രായേലില്‍ നിന്നും കേരളത്തില്‍ എത്തിയ ഇയാള്‍ കൊച്ചിയിലും ആലപ്പുഴയിലും കുമരകത്തും പോയ ശേഷം തേക്കടിയിലേക്കുള്ള യാത്രാമധ്യേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഇസ്രായേലിലേക്ക് വിളിക്കുകയായിരുന്നു. ഇക്കാര്യം അറിഞ്ഞ ഇന്റലിജന്‍സ് വിഭാഗമാണ് മുണ്ടക്കയം പോലിസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് മുണ്ടക്കയം പോലിസ് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഭാരതീയ ന്യായ സംഹിതയിലെയും ഇന്ത്യന്‍ ടെലഗ്രാഫ് ആക്ടിലെയും ഇന്ത്യന്‍ വയര്‍ലെസ് ടെലഗ്രാഫ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇന്റലിജന്‍സും എന്‍ഐഎ ഉദ്യോഗസ്ഥരും പൊലീസും ചോദ്യം ചെയ്തു. സാറ്റലൈറ്റ് ഫോണ്‍ പിടിച്ചെടുത്തിട്ടുണ്ട്. മറ്റു നിയമ നടപടികള്‍ക്ക് ശേഷം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
ഇന്ത്യയില്‍ സാറ്റലൈറ്റ് ഫോണ്‍ നിയമവിരുദ്ധമാണെന്ന് അറിയില്ലെന്ന് ഡേവിഡ് എലി ലിസ്‌ബോണ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു. ദുബൈ വിമാനത്താവളത്തില്‍ നിന്നാണ് തുറായ കമ്പനിയുടെ സാറ്റലൈറ്റ് ഫോണ്‍ വാങ്ങിയതെന്നും കേരളത്തില്‍ ഇന്റര്‍നെറ്റ് ദുര്‍ബലമായതിനാല്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് ഇസ്രായേലിലേക്ക് വിളിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നല്‍കിയതായി പോലിസ് അറിയിച്ചു. ഇസ്രായേലിന്റെ പൗരത്വത്തിന് ഒപ്പം ജര്‍മന്‍ പൗരത്വവും ഇയാള്‍ക്കുണ്ട്.