അഭ്യൂഹങ്ങള്‍ തള്ളി ദിഗംബര്‍ കാമത്ത്; ബിജെപിയില്‍ ചേരുന്നത് രാഷ്ട്രീയ ആത്മഹത്യ
അതിനിടെ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ന്യൂഡല്‍ഹി: ബിജെപിയില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗംബര്‍ കാമത്ത്. മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമായി തുടരുന്നതിനിടെ ഗോവയില്‍ ബിജെപി സര്‍ക്കാരിനെ മറിച്ചിടാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ നടത്തുകയാണ്. അതിനിടെ ദിഗംബര്‍ കാമത്തിനെ പാര്‍ട്ടിയിലെത്തിച്ച് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി ശ്രമം തുടങ്ങിയതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.
ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ലെന്ന് ഡല്‍ഹിയിലെത്തിയ കാമത്ത് പറഞ്ഞു. 2005ല്‍ ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ കാമത്ത് വീണ്ടും ബിജെപിയിലേക്ക് മടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ അവസാനമായത്. ബിജെപി ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് തിരക്കിട്ട് ഡല്‍ഹിയിലെത്തിയതെന്ന അഭ്യൂഹവും കാമത്ത് തള്ളി. ബിജെപിയില്‍ ചേര്‍ന്ന് ആത്മഹത്യ ചെയ്യാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബിസിനസ് ആവശ്യങ്ങള്‍ക്കായാണ് ന്യൂഡല്‍ഹിയിലേക്ക് പോകുന്നതെന്നും തികച്ചും സ്വകാര്യ സന്ദര്‍ശനം മാത്രമാണിതെന്നും അദ്ദേഹം വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാമത്തിനെതിരേ അപവാദ പ്രചാരണം നടത്തുകയാണ് ബിജെപിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും പ്രതികരിച്ചു. കാമത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ ബിജെപി ബോധപൂര്‍വം അപവാദ പ്രചാരണം നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. കാമത്ത് ബിജെപിയില്‍ ചേരുന്ന സാഹചര്യത്തെപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബോ നേരത്തെ വ്യക്തമാക്കിയിരുന്നു.