കെവിന്‍ വധക്കേസ്: എസ്‌ഐ എം എസ് ഷിബുവിനെ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു.
തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന ഗാന്ധിനഗര്‍ മുന്‍ എസ്‌ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. കെവിന്‍ വധക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്‌ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം വലിയ വിമര്‍ശനത്തിന് വഴിവച്ചിരുന്നു. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സര്‍വീസില്‍ തിരിച്ചെടുത്ത ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്.
ഗാന്ധിനഗര്‍ എസ്‌ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാഖറെ മെയ് 28നാണ് ഉത്തരവിറക്കിയത്. നടപടി വിവാദമായത്തോടെ ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്‌ഐയായി തരംതാഴ്ത്തി ഐജി ഉത്തരവിട്ടിരുന്നു. കെവിന്‍ മരണപ്പെടാനിടയായത് എസ്‌ഐ ഷിബുവിന്റെ കൃത്യവിലോപം മൂലമാണെന്ന് പിതാവ് ജോസഫ് കുറ്റപ്പെടുത്തിയിരുന്നു. പരാതി നല്‍കിയിട്ടും നേരിട്ടുകണ്ട് അത് ബോധ്യപ്പെടുത്തിയിട്ടും യാതൊരു നടപടിയുമെടുക്കാന്‍ എസ്‌ഐ ഷിബു തയ്യാറായില്ല. തങ്ങള്‍ക്ക് കേസില്‍ നീതികിട്ടിയില്ലെന്നും അദ്ദേഹം പരാതിപ്പെട്ടിരുന്നു. എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ നടന്ന വകുപ്പുതല അന്വേഷണത്തില്‍ വീഴ്ച സ്ഥിരീകരിച്ചതോടെയാണ് എസ്‌ഐയെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.