അധ്യാപകനായിരിക്കെ നിരവധി വിദ്യാര്‍ഥികളെ പീഡിപ്പിച്ചു; പോക്‌സോ കേസില്‍ കെ വി ശശികുമാറിന് ജാമ്യം

രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതി.

Update: 2022-06-08 09:33 GMT

മലപ്പുറം: പോക്‌സോ കേസില്‍ അറസ്റ്റിലായ മലപ്പുറം സെന്റ് ജമ്മാസ് സ്‌കൂളിലെ മുന്‍ അധ്യാപകന്‍ കെ വി ശശികുമാറിന് ജാമ്യം. രണ്ട് പോക്‌സോ കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചുവെന്നായിരുന്നു രണ്ട് പൂര്‍വ വിദ്യാര്‍ഥിനികളുടെ പരാതി.

കഴിഞ്ഞ മേയിലാണ് ശശികുമാറിനെ അറസ്റ്റ് ചെയ്തത്. സിഐ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം, വയനാട് ബത്തേരിക്കു സമീപത്തെ ഹോം സ്‌റ്റേയില്‍നിന്നാണ് ഇയാളെ പിടികൂടിയത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. അമ്പതിലധികം പീഡന പരാതികളാണ് ശശികുമാറിനെതിരേ ഉയര്‍ന്നത്. പരാതി അറിയിച്ചിട്ടും മാനേജ്‌മെന്റ് നടപടിയെടുത്തില്ലെന്ന് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ ആരോപിച്ചിരുന്നു.

അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. അറുപതോളം വിദ്യാര്‍ഥിനികള്‍ പീഡിപ്പിക്കപ്പെട്ടെന്നാണ് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ പറഞ്ഞിരുന്നത്.

അതേസമയം, പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെ സി.പി.ഐ.എം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ വി ശശികുമാര്‍.

Tags:    

Similar News