യുപിയില്‍ മദ്‌റസാ വിദ്യാര്‍ഥിക്ക് ട്രെയ്‌നില്‍ ക്രൂരമര്‍ദ്ദനം; ബോധം മറയും വരെ തല്ലിച്ചതച്ചു
അലിഗഢില്‍നിന്നുള്ള 17കാരനായ മുഹമ്മദ് ഫര്‍മാന്‍ നിയാസിയെന്ന മദ്‌റസാ വിദ്യാര്‍ഥിയാണ് ഇത്തവണ ഹുന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. പഠന സ്ഥലമായ ബറേലിയിലേക്ക്് പോകുകയായിരുന്ന നിയാസിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍വച്ച് ഈ മാസം 18നാണ് ഒരു സംഘം ആക്രമിച്ചത്.
ന്യൂഡല്‍ഹി: മുസ്ലിംകള്‍ക്കെതിരായ ഹിന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് അറുതിയില്ല. ജാര്‍ഖണ്ഡില്‍ മോഷണം ആരോപിച്ച് തബ്‌രീസ് അന്‍സാരിയെന്ന മുസ്‌ലിം യുവാവിനെ ഹിന്ദുത്വ ആള്‍ക്കൂട്ടം മൃഗീയമായി ആക്രമിച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് യുപിയില്‍നിന്ന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്ത് വരുന്നത്. അലിഗഢില്‍നിന്നുള്ള 17കാരനായ മുഹമ്മദ് ഫര്‍മാന്‍ നിയാസിയെന്ന മദ്‌റസാ വിദ്യാര്‍ഥിയാണ് ഇത്തവണ ഹുന്ദുത്വ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. പഠന സ്ഥലമായ ബറേലിയിലേക്ക്് പോകുകയായിരുന്ന നിയാസിയെ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നില്‍വച്ച് ഈ മാസം 18നാണ് ഒരു സംഘം ആക്രമിച്ചത്. അലിഗ്ഢ്-ബറേലി പാസഞ്ചര്‍ ട്രെയ്‌നില്‍ വച്ച് സഹയാത്രികരുടെ കണ്‍ മുമ്പില്‍വച്ചായിരുന്നു തൊപ്പി ഊരാന്‍ ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിട്ടത്.
രാജ്ഘട്ട് നരോറ സ്‌റ്റേഷനില്‍നിന്ന് കയറിയ 15 ഓളം വരുന്നസംഘം നിയാസിയുടെ അടുത്തിരിക്കുകയും താടിയും തൊപ്പിയും കണ്ടതോടെ അസഭ്യം പറയാന്‍ ആരംഭിക്കുകയുമായിരുന്നു. തുടര്‍ന്ന് തൊപ്പി അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട സംഘം ക്രൂരമായ ആക്രമണം അഴിച്ചുവിടുകയായിരുന്നു. സംഘം നിയാസിയെ ചവിട്ട് ഇരിപ്പിടത്തില്‍നിന്നു താഴെയിടുകയും കുര്‍ത്ത പൈജാമ വലിച്ച് കീറുകയും ചെയ്തു. തൊപ്പി ഊരിയെടുത്ത് ട്രെയ്‌നില്‍നിന്നുപുറത്തേക്കെറിയാനും സംഘം മറന്നില്ല. ഇതിനിടെ നിയാസിയുടെ കണ്ണടയും സംഘം തകര്‍ത്തിരുന്നു. ഭയന്നു പോയ നിയാസി മൗനം പാലിച്ചെങ്കിലും ബോധം മറയും വരെ ആക്രമണം തുടര്‍ന്നു.
ട്രെയ്‌നില്‍ നിരവധി യാത്രക്കാരുണ്ടായിട്ടും ആരും തന്റെ രക്ഷക്കെത്തിയില്ലെന്നും ചിലര്‍ ആക്രമണം വീഡിയോയില്‍ ചിത്രീകരിക്കുകയായിരുന്നുവെന്നും നിയാസി ആരോപിച്ചു. ബോധം തെളിഞ്ഞപ്പോള്‍ ഖൈര്‍ ഏരിയക്ക് സമീപം റെയില്‍പാളത്തിനോട് ചേര്‍ന്നുള്ള പാടത്ത് കിടക്കുകയായിരുന്നു നിയാസി. പ്രദേശവാസിയായ സ്ത്രീയാണ് നിയാസിയെ കണ്ടെത്തിയത്. തുടര്‍ന്ന് ആധാര്‍കാര്‍ഡിലെ മേല്‍വിലാസത്തില്‍നിന്നു സ്വദേശം കണ്ടെത്തി നാട്ടുകാരുടെ സഹായത്തോടെ അലിഗഢിലേക്ക് ബസ്സില്‍ കയറ്റിവിടുകയായിരുന്നുവെന്ന് വിദ്യാര്‍ഥി പറഞ്ഞു.
വിദ്യാര്‍ഥിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന സംഘത്തിനെതിരേ ജവാന്‍ പോലിസ് കേസെടുത്തു.റെയില്‍വേ പോലിസിന്റെ സഹായത്തോടെ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അലിഗഢ് മുസ്‌ലിം സര്‍വകലാശാല വിദ്യാര്‍ഥി യൂനിയന്‍ മുന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസ്സന്‍, നിയാസിയുടെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.