കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ 44 മൃതദേഹങ്ങള്‍; പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം

ജാലിസ്‌കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത പ്ലാസ്റ്റിക് ബാഗുകളിലായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Update: 2019-09-15 09:38 GMT

ജാലിസ്‌കോ: മെക്‌സിക്കോയില്‍ 44 പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ജാലിസ്‌കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത പ്ലാസ്റ്റിക് ബാഗുകളിലായി മൃതദേഹങ്ങള്‍ കുഴിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് ദുര്‍ഗന്ധം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊലയ്ക്ക് പിന്നില്‍ മയക്കുമരുന്ന് മാഫിയകളാണെന്നാണ് സംശയം.

മെക്‌സിക്കോയിലെ ഏറ്റവും അക്രമകാരികളായ മയക്കുമരുന്ന് സംഘം പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് ജാലിസ്‌കോ. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ നിരന്തരം ഇവിടെ ഏറ്റുമുട്ടലുണ്ടാവാറുണ്ട്. മൃതദേഹങ്ങളില്‍ ഭൂരിഭാഗവും വെട്ടിമാറ്റിയതിനാല്‍ ശരീരഭാഗങ്ങള്‍ പലതും തിരിച്ചറിയപ്പെടാതെ കിടക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കൂടുതല്‍ വിദഗ്ധരെ സ്ഥലത്തേക്ക് അയക്കണമെന്ന് പ്രാദേശികസംഘടനകള്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ജാലിസ്‌കോയില്‍നിന്ന് കാണാതായവരുടെ കുടുംബങ്ങള്‍ ജാലിസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറന്‍സിക് സയന്‍സിനെ സമീപിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് തിരിച്ചറിയാനുള്ള കഠിനപരിശ്രമത്തിലാണ് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍.

കൂടുതല്‍ ഫോറന്‍സിക് ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് സുരക്ഷാ മേധാവി അറിയിച്ചു. ഗ്വാഡലജാറ പ്രദേശത്ത് ഈവര്‍ഷം 20 രഹസ്യശ്മശാന സ്ഥലങ്ങള്‍ അധികൃതര്‍ കണ്ടെത്തിയതായി ജാലിസ്‌കോ ആസ്ഥാനമായുള്ള പത്രപ്രവര്‍ത്തകന്‍ സ്റ്റീഫന്‍ വുഡ്മാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2018 നെ അപേക്ഷിച്ച് ഈവര്‍ഷം ആദ്യ ഏഴുമാസങ്ങളില്‍ ജാലിസ്‌കോയിലെ നരഹത്യകള്‍ 21 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍. കൂടാതെ 3000ലധികം ആളുകളെ സംസ്ഥാനത്തുനിന്ന് കാണാതായതായും റിപോര്‍ട്ടുണ്ട്.

Tags:    

Similar News