മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം; സംസ്ഥാന സര്‍ക്കാരിനെതിരേ മനുഷ്യച്ചങ്ങല തീര്‍ത്ത് കോണ്‍ഗ്രസ്
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മനുഷ്യച്ചങ്ങല തീര്‍ത്തു. ഇടുക്കി ജില്ലാ കമ്മിറ്റിയുടെ വണ്ടിപ്പെരിയാര്‍ ടൗണ്‍ മുതല്‍ വാളാട് വരെ നാലര കിലോമീറ്റര്‍ നീളത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചങ്ങല തീര്‍ത്തത്. കേരള ജനതയ്ക്ക് സുരക്ഷയും തമിഴ്‌നാടിന് വെള്ളവും എന്നതായിരുന്നു മുദ്രാവാക്യം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കുന്ന വരെ സമരം തുടരുമെന്ന് സുധാകരന്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ മാത്രമായി സമരപരിപാടികള്‍ ഒതുങ്ങില്ലെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. മുല്ലപ്പെരിയാര്‍ മരംമുറി ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മുഖ്യമന്ത്രി തുടരുന്ന മൗനം ദുരൂഹമാണ്.
കെ റെയില്‍ പോലുള്ള വന്‍കിട പദ്ധതികള്‍ക്കുവേണ്ടി കോടിക്കണക്കിന് രൂപ ചെലവഴിക്കുമ്പോള്‍ ഇത്രയും ജില്ലകളിലെ ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിന് എന്തുകൊണ്ട് പണം ചെലവാക്കിക്കൂടെന്നും അദ്ദേഹം ചോദിച്ചു. ഇന്ധനവില കുറയ്ക്കാത്ത സര്‍ക്കാരിന്റെ സമീപനമാണ് വിലക്കയറ്റത്തിന് കാരണം. ജനങ്ങള്‍ ഇതിലൂടെ സര്‍ക്കാരിനെ വിലയിരുത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുല്ലപ്പെരിയാര്‍ കേസ് നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. തമിഴ്‌നാടിന്റെ മറുപടിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനത്തിലേക്കെത്താന്‍ സമയം വേണമെന്ന കേരളത്തിന്റെ വാദം സുപ്രിംകോടതി അംഗീകരിച്ചുകൊണ്ടാണ് കേസ് നാളത്തേക്ക് മാറ്റിവച്ചത്.