പാകിസ്താനു വേണ്ടി ചാരവൃത്തി; പഞ്ചാബി യുവാവ് പിടിയില്‍
ഇപ്പോള്‍ ഫരീദ്‌കോട്ടിലെ ഷെകോണ്‍ നഗറില്‍ താമസിക്കുന്ന മോഗ ജില്ലയിലെ ദരംകോട്ട് നിവാസിയായ സുഖ്‌വീന്ദര്‍ സിങാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സുഖ്‌വീന്ദര്‍ സിങ് അറസ്റ്റിലായത്.
ഫരീദ്‌കോട്ട്: പാകിസ്താനിലെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കായി നിര്‍ണായക വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ യുവാവിനെ പഞ്ചാബിലെ ഫരീദ്‌കോട്ടില്‍നിന്ന് അറസ്റ്റ് ചെയ്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇപ്പോള്‍ ഫരീദ്‌കോട്ടിലെ ഷെകോണ്‍ നഗറില്‍ താമസിക്കുന്ന മോഗ ജില്ലയിലെ ദരംകോട്ട് നിവാസിയായ സുഖ്‌വീന്ദര്‍ സിങാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയാണ് സുഖ്‌വീന്ദര്‍ സിങ് അറസ്റ്റിലായത്.
ഇയാളുമായി ബന്ധമുള്ള പാകിസ്താന്‍ പൗരന്‍മാരായ ജാവേദ് മാലിക്, അലി രാജ എന്നിവര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അറസ്റ്റിലായ സുഖ്‌വീന്ദറില്‍നിന്നു നിയന്ത്രണമുള്ള പ്രദേശങ്ങളുടെ മാപ്പുകളും ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധവുമായി ബന്ധപ്പെട്ട വിവരങ്ങളും കണ്ടെടുത്തു. സുഖ് വീന്ദര്‍ പാക് ചാരനാണെന്ന് വിവരം ലഭിച്ചതായും ഇന്ത്യന്‍ സൈന്യത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിന് ചോര്‍ത്തി നല്‍കിയതായും പോലിസ് പറഞ്ഞു. കന്റോണ്‍മെന്റ് മേഖലയില്‍ ചുറ്റിത്തിരിഞ്ഞ സുഖ്‌വീന്ദറിനെ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍ രഹസ്യ രേഖകള്‍ കണ്ടെടുത്തതായും പോലിസ് പറഞ്ഞു.
മുമ്പ് പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുള്ള ഇയാള്‍ക്ക് പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു. ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.