ശ്രീലങ്ക: റെനില്‍ വിക്രമസിംഗെ ഇന്ന് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും

അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്‌ക്കെതിരേ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

Update: 2022-07-21 02:40 GMT

കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. അധികാരമേറ്റശേഷം രാജ്യത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതികള്‍ വിക്രമസിംഗെ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, വിക്രമസിംഗെയ്‌ക്കെതിരേ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കാനാണ് പ്രക്ഷോഭകാരികളുടെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടിക്കും സാധ്യതയുണ്ട്.

ഗുരുതര രാഷ്ട്രീയ പ്രതിസന്ധിയും രൂക്ഷമായ സാമ്പത്തിക അരക്ഷിതാവസ്ഥയും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും തുടരുന്നതിനിടയാണ് റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് ആയി അധികാരമേല്‍ക്കുന്നത്.

പ്രതിസന്ധിയില്‍ ഉഴലുന്ന രാജ്യത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ എന്ത് മാജിക് പ്രഖ്യാപനമാണ് വിക്രമസിംഗെ നടത്തുക എന്നുള്ളതാണ് ഏറെ നിര്‍ണായകം. സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തിന്റെ പ്രശ്‌നപരിഹാരത്തിനുതകുന്ന പ്രത്യേക പാക്കേജോ പ്രഖ്യാപനങ്ങളോ വിക്രമസിംഗെ നടത്തുമെന്നാണ് സൂചന.

അതേസമയം, വിക്രമസിംഗെയെ പ്രസിഡന്റായി അംഗീകരിക്കില്ലെന്ന നിലപാടില്‍ തുടരുകയാണ് പ്രക്ഷോഭകാരികള്‍. റെനിലിന്റെ രാജിക്കായി രാജ്യത്ത് പ്രക്ഷോഭം ശക്തമാക്കാനും തീരുമാനമുണ്ട്. രജപക്‌സെ കുടുംബത്തിന്റെ തുടര്‍ച്ചയായിരിക്കും റെനില്‍ എന്നുള്ളതാണ് പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടുന്നത്. റെനിലിനെ പിന്തുണച്ച എംപിമാര്‍ക്കെതിരേയും പ്രതിഷേധം ഉയര്‍ന്നേക്കും. പ്രതിഷേധം രൂക്ഷമായാല്‍ അടിച്ചമര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വേണ്ടിവന്നാല്‍, ഏറ്റുമുട്ടലിന് തയ്യാറാണെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും പ്രഫഷണലുകളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രക്ഷോഭകാരികള്‍. അതേസമയം, ഇന്ധനക്ഷമം പരിഹരിക്കുന്നതിന് പെട്രോള്‍ വഹിച്ചുള്ള കൂടുതല്‍ കപ്പലുകള്‍ ഇന്ന് രാജ്യത്തേക്ക് എത്തുമെന്നും സൂചനയുണ്ട്.

പ്രക്ഷോകര്‍ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടെയും ഓഫിസുകള്‍ പൂര്‍ണമായി ഒഴിയണമെന്ന് വിക്രമസിംഗെ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി റെനില്‍ വിക്രമസിംഗെ ബുധനാഴ്ചയാണ് തെരഞ്ഞെടുത്തത്. രാജ്യത്ത് വ്യാപകമായ പ്രതിഷേധത്തെത്തുടര്‍ന്ന് ഗോതബായ രാജപക്‌സെക്ക് പ്രസിഡന്റ് പദവിയില്‍നിന്ന് രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് വിക്രമസിംഗെയെ പ്രസിഡന്റായി എത്തുന്നത്. വോട്ടെടുപ്പില്‍ 219ല്‍ 134 വോട്ടുകള്‍ നേടിയാണ് വിക്രമസിംഗെ അധികാരത്തിലെത്തിയത്. ആക്ടിംഗ് പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

Tags:    

Similar News