പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ശ്രീലങ്കന്‍ ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റു

Update: 2022-07-15 10:43 GMT

കൊളംബോ: ശ്രീലങ്കന്‍ മുന്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെ അയച്ച രാജി സ്പീക്കര്‍ അംഗീകരിച്ച് മണിക്കൂറുകള്‍ക്കകം ശ്രീലങ്കയുടെ ഇടക്കാല പ്രസിഡന്റായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. ശനിയാഴ്ച പാര്‍ലമെന്റ് യോഗം ചേരുമെന്നും ഏഴ് ദിവസത്തിനകം ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുമെന്നും സ്പീക്കര്‍ മഹിന്ദ യാപ്പ അബേവര്‍ധനയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റിന് പാര്‍ലമെന്റിന്റെ് അംഗീകാരത്തോടെ പുതിയ പ്രധാനമന്ത്രിയെ നിയമിക്കാന്‍ കഴിയും. ആഴ്ചകളായി തുടരുന്ന ശ്രീലങ്കന്‍ ജനതയുടെ പ്രതിഷേധം മൂര്‍ദ്ധന്യത്തിലായതോടെയാണ് പ്രസിഡന്റ് ഗോതബയ പലായനം ചെയ്തത്. പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി, പ്രധാനമന്ത്രിയുടെ വസതി തീവച്ച് നശിപ്പിക്കുകയും ചെയ്തു. ശ്രീലങ്കന്‍ സൈന്യം രാജ്യത്ത് സുരക്ഷ ശക്തമാക്കി.

ദിവസങ്ങളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് ഗോതബയ രാജപക്‌സെ വ്യാഴാഴ്ച രാത്രി രാജിക്കത്ത് ഇമെയില്‍ ചെയ്തതത്. നിലവില്‍ സിംഗപ്പൂരിലുള്ള ഗോതബായ, ഭാര്യയോടൊപ്പം ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്യുകയും സിംഗപ്പൂരിലേക്ക് പോകുന്നതിന് മുമ്പ് ഒരു ദിവസം മാലദ്വീപിലെ മാലെയില്‍ താമസിക്കുകയും ചെയ്തു. 

Tags:    

Similar News