ചങ്ങനാശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി സുധാകരനും സതീശനും; പാലാ ബിഷപ്പിനെയും സുധാകരന്‍ കാണും
കോട്ടയം: പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്', 'ലൗ ജിഹാദ്' അടക്കം വര്‍ഗീയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയ പശ്ചാത്തലത്തില്‍ സഭാനേതൃത്വങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചങ്ങനാശ്ശേരി രൂപതാ ആര്‍ച്ച് ബിഷപ്‌സ് ഹൗസിലെത്തി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തി. സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചങ്ങനാശ്ശേരിയിലെത്തിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ എത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ അരമണിക്കൂറിലെറെ നേരം ആര്‍ച്ച് ബിഷപ്പുമായി ചര്‍ച്ച നടത്തി.
പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട് നാര്‍ക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗം സംബന്ധിച്ച കാര്യങ്ങളും ആനുകാലിക രാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടതായാണ് സൂചന. കോണ്‍ഗ്രസ് നേതാക്കളായ ജോസി സെബാസ്റ്റിയന്‍, പി എസ്. രഘുറാം, അജീസ് ബെന്‍ മാത്യൂസ്, വര്‍ഗീസ് ആന്റണി, ഷിബിന്‍ ജോണ്‍, ജോമി ജോസഫ് എന്നിവരും ഒപ്പമുണ്ടായിരുന്നു. വര്‍ഗീയ പരാമര്‍ശം നടത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായും കെ സുധാകരന്‍ കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് രണ്ടിനാണ് കൂടിക്കാഴ്ചയെന്ന് സുധാകരന്‍ അറിയിച്ചു. അതേസമയം, ഉച്ചയ്ക്കുശേഷം കോട്ടയം താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം സലാഹുദ്ദീന്‍ മന്നാനിയുമായും നേതാക്കള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഇന്ന് പ്രമുഖ ക്രൈസ്തവ സഭാധ്യക്ഷന്‍മാരെയും നാളെ മുസ്‌ലിം മതമേലധ്യക്ഷന്‍മാരേയും കാണുന്ന സുധാകരനും സതീശനും രണ്ടുകൂട്ടരെയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്. വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യം നിലനിര്‍ത്താനുള്ള സാഹചര്യം രൂപപ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമെന്ന് സുധാകരന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ മുന്‍കൈ എടുക്കത്തതിനാലാണ് കോണ്‍ഗ്രസ് മുന്നിട്ടിറങ്ങുന്നത്. അവര്‍ തമ്മില്‍ അടിക്കുന്നത് കണ്ട് ചോരകുടിക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. സമവായത്തിന് വേണ്ടി മുന്‍കൈയെടുക്കേണ്ടത് ഞങ്ങളല്ല, സര്‍ക്കാരാണ്. ചങ്ങനാശ്ശേരി ബിഷപ്പിനെ കണ്ടത് പ്രമുഖ വ്യക്തികളെ കാണുന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അറിയിക്കുന്നതിനു വേണ്ടിയായിരുന്നു സുരേഷ് ഗോപിയുടെ സന്ദര്‍ശനം. പാലാ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്നും അങ്ങോട്ടുപോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ലെന്നുമാണ് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം ചേരുമെന്നുമായിരുന്നു സുരേഷ് ഗോപിയുടെ ദിവസങ്ങള്‍ മുമ്പെയുള്ള പ്രതികരണം. പി ജെ ജോസഫ് എംഎല്‍എ, പി സി ജോര്‍ജ്, മോന്‍സ് ജോഫസ് എംഎല്‍എ, ഫ്രാന്‍സിസ് ജോര്‍ജ്, ജോസഫ് വാഴയ്ക്കന്‍, ബിജെപി നേതാക്കളായ പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസങ്ങളിലെത്തിയിരുന്നു.