തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ സര്‍ക്കാര്‍ ഹരജി സുപ്രിംകോടതി തള്ളി
ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് എതിരായ വിജിലന്‍സ് കേസ് റദ്ദാക്കിയതിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ്മാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. വ്യക്തിപരമായ പക പോക്കല്‍ കാരണമാകാം കേസുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
ക്രമവിരുദ്ധമായി നടക്കുന്ന എല്ലാ നിയമനങ്ങളിലും ക്രിമിനല്‍ കുറ്റം ഉണ്ടെന്ന് പറയാന്‍ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. 2011-2013 കാലഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തിലെ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ സീനിയര്‍ ടെക്‌നീഷ്യനും ജീവനക്കാരുടെ പ്രതിനിധിയെന്ന നിലയില്‍ ബോര്‍ഡംഗവുമായിരുന്ന എ രാജുവിനെ യോഗ്യതയില്ലാതെ ഫോര്‍മാന്‍ ഗ്രേഡ് ഒന്നിലും കെ രഞ്ജിത്തിനെ സിസ്റ്റം അനലിസ്റ്റായും നിയമിച്ചതു സംബന്ധിച്ചാണ് ആരോപണം. തുഷാര്‍ വെള്ളാപ്പള്ളി ആ കാലഘട്ടത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായിരുന്നു.
കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയുള്‍പ്പെടെ എട്ടു പേര്‍ക്കെതിരേ അന്വേഷണം നടത്തി തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രവും ഫയല്‍ ചെയ്തിരുന്നത്. എന്നാല്‍ കുറ്റപത്രവും, കേസും ഹൈക്കോടതി റദ്ദാക്കി. ഇതിന് എതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
നിയമനം നടത്തിയത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തും ദേവസ്വത്തിനു സാമ്പത്തിക നഷ്ടമുണ്ടാക്കിയുമാണെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ വാദിച്ചു. നിയമനത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. അതിനാല്‍ കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.