അനീതിക്കെതിരായ ശബ്ദങ്ങളെ തടയാനാവില്ല; മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളിലെ എന്‍ഐഎ റെയ്ഡിനെ അപലപിച്ച് എന്‍സിഎച്ച്ആര്‍ഒ

റെയ്ഡ് അന്യായവും സ്വേച്ഛാധിപത്യപരവും ഭയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗവുമാണ്. ഇതിന് മുമ്പും സര്‍ക്കാരിന്റെ ഇത്തരം അപലപനീയമായ തന്ത്രങ്ങള്‍ ഞങ്ങള്‍ കണ്ടാണ്. ഇതുകൊണ്ടൊന്നും ഞങ്ങളെ നിശബ്ദരാക്കാനും അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതില്‍നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനും ആര്‍ക്കും കഴിയില്ലെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ സമിതി മുന്നറിയിപ്പ് നല്‍കി.

Update: 2021-04-02 13:34 GMT

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിനെ നാഷനല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ) അപലപിച്ചു. റെയ്ഡ് അന്യായവും സ്വേച്ഛാധിപത്യപരവും ഭയപ്പെടുത്താനുള്ള സര്‍ക്കാരിന്റെ തന്ത്രത്തിന്റെ ഭാഗവുമാണ്. ഇതിന് മുമ്പും സര്‍ക്കാരിന്റെ ഇത്തരം അപലപനീയമായ തന്ത്രങ്ങള്‍ ഞങ്ങള്‍ കണ്ടാണ്. ഇതുകൊണ്ടൊന്നും ഞങ്ങളെ നിശബ്ദരാക്കാനും അനീതികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതില്‍നിന്ന് ഞങ്ങളെ പിന്തിരിപ്പിക്കാനും ആര്‍ക്കും കഴിയില്ലെന്ന് എന്‍സിഎച്ച്ആര്‍ഒ ദേശീയ സമിതി മുന്നറിയിപ്പ് നല്‍കി.

2021 മാര്‍ച്ച് 31നാണ് എന്‍ഐഎ തെലങ്കാനയിലെയും ആന്ധ്രയിലെയും 25 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. അതിശയകരമെന്നു പറയട്ടെ, ഇവര്‍ക്ക് മാവോവാദികളുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു എന്‍ഐഎയുടെ റെയ്ഡ്. ഏപ്രില്‍ ഒന്നിന് അര്‍ധരാത്രി വരെ റെയ്ഡുകള്‍ തുടര്‍ന്നു. പ്രവര്‍ത്തകരുടെ വീടുകളില്‍നിന്ന് ചില രേഖകളും മറ്റ് വസ്തുക്കളും പിടിച്ചെടുത്തെന്നാണ് എന്‍ഐഎ പറയുന്നത്.

തെലങ്കാനയിലെ ഹൈക്കോടതി അഭിഭാഷകനും സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ രഘുനാഥ് വെറോസ്, മനുഷ്യാവകാശ ഫോറം അംഗം വി എസ് കൃഷ്ണ, റെവല്യൂഷനറി റൈറ്റേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകരായ വരലക്ഷ്മി, അരുണ്‍, ചൈതന്യ മഹിളാസംഘത്തിലെ ദേവേന്ദ്ര, ശില്‍പ, സ്വപ്‌ന, രാജേശ്വരി, പത്മ, ആന്ധ്രാപ്രദേശ് സിവില്‍ ലിബര്‍ട്ടീസ് കമ്മിറ്റി അംഗങ്ങളായ രഘുനാഥ്, ചിലിക ചന്ദ്രശേഖര്‍, ചിട്ടി ബാബു തുടങ്ങിയ 25 ഓളം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്.

മാവോവാദി ബന്ധമാരോപിച്ച് പാങ്കി നാഗണ്ണ എന്നയാളെ അറസ്റ്റുചെയ്തതിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തതിന് പിന്നാലെയാണ് മേല്‍പ്പറഞ്ഞവരുടെ വീടുകളില്‍ റെയ്ഡ് നടന്നിരിക്കുന്നത്. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആദിവാസികള്‍ക്കുവേണ്ടി അനീതിക്കെതിരായ പോരാട്ടത്തിന് സംഭാവന നല്‍കിയവരാണ് എന്‍ഐഎ റെയ്ഡ് ചെയ്യപ്പെട്ട മനുഷ്യാവകാശപ്രവര്‍ത്തകര്‍. അതുകൊണ്ടുതന്നെയാണ് അവരെ സര്‍ക്കാര്‍ ഈ രീതിയില്‍ ലക്ഷ്യമിടുന്നത്. ആദിവാസികള്‍ക്കെതിരേയും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരേയും നടക്കുന്ന അതിക്രമത്തില്‍ അവരെ സഹായിക്കാന്‍ ഒപ്പംനിന്നുവെന്നതാണ് മനുഷ്യാവകാശപ്രവര്‍ത്തകര്‍ ചെയ്ത ഒരേയൊരു കുറ്റമെന്ന് എന്‍സിഎച്ച്ആര്‍ഒ ചൂണ്ടിക്കാട്ടി.

Tags:    

Similar News