'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉപയോഗിച്ചാല്‍ 15 വര്‍ഷം തടവുശിക്ഷ

എന്നാല്‍, ബില്ലിനെതിരേ അയല്‍ രാഷ്ട്രങ്ങളായ ക്യൂബയും വെനസ്വേലയും രംഗത്തെത്തിയിട്ടുണ്ട്.

Update: 2020-09-05 09:51 GMT

റിയോ ഡി ജനീറോ: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചിഹ്നമായ 'അരിവാള്‍ ചുറ്റിക നക്ഷത്രം' ഉപയോഗിച്ചാല്‍ 15 വര്‍ഷം തടവുശിക്ഷ. വാര്‍ത്ത കേട്ട് ഞെട്ടുകയോ വ്യാജമാണെന്നു പറഞ്ഞ് തള്ളുകയോ ചെയ്യാന്‍ വരട്ടെ. ബ്രസീലിലാണ് പുതിയ ബില്ല് കൊണ്ടുവന്നിരിക്കുന്നത്. 'അരിവാള്‍ ചുറ്റിക നക്ഷത്രം' വിദ്വേഷത്തിന്റെ അടയാളമാണെന്നും ചിഹ്നം നിര്‍മിക്കുന്നവരെയും വില്‍ക്കുന്നവരെയും വിതരണക്കാരെയും ജയിലിലടയ്ക്കണമെന്നും ആവശ്യപ്പെട്ട് ബ്രസീല്‍ പ്രസിഡന്റിന്റെ മകനും ബ്രിസീലിയന്‍ കോണ്‍ഗ്രസ് അംഗവുമായ എഡ്വേര്‍ഡോ ബോല്‍സനാരോയാണ് ബില്ല് അവതരിപ്പിച്ചത്. സപ്തംബര്‍ രണ്ടിനാണ് ഇത്തരമൊരു ബില്ല് അവതരിപ്പിച്ചതെന്ന് എംബിഎസ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങള്‍ നിര്‍മിക്കുന്നത് ഗുരുതര കുറ്റകൃത്യമായി കണക്കാക്കി 10 മുതല്‍ 15 വര്‍ഷം വരെ തടവുശിക്ഷ നല്‍കണമെന്നാണ് ബില്ലിലെ പ്രധാന ആവശ്യം.

    മാത്രമല്ല കമ്മ്യൂണിസം, നാസിസം എന്നിവയുമായി ബന്ധപ്പെട്ട വ്യക്തികളുടെയോ ആശയങ്ങളുടെയോ സംഭവങ്ങളുടെയോ പേരിലുള്ള എല്ലാ പൊതുസ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ മാറ്റണമെന്നും ബില്ലില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാസികളുടെയും കമ്മ്യൂണിസ്റ്റുകാരുടെയും പ്രവര്‍ത്തനഫലമായാണ് ലോകത്ത് വംശഹത്യകള്‍ നടന്നതെന്നും അതിനാല്‍ തന്നെ ഒരു വ്യക്തി കൊല്ലപ്പെടുന്നത് കുറ്റകരമാവുന്നത് പോലെ ഇവയെയും കുറ്റകരമായി തന്നെ കണക്കാക്കണമെന്നും ബില്ല് അവതരണ വേളയില്‍ എഡ്വേര്‍ഡോ ബോല്‍സനാരോ പറഞ്ഞു. എന്നാല്‍, ബില്ലിനെതിരേ അയല്‍ രാഷ്ട്രങ്ങളായ ക്യൂബയും വെനസ്വേലയും രംഗത്തെത്തിയിട്ടുണ്ട്.

   



 

അതിനിടെ, ബില്ല് സംബന്ധിച്ച വിവരങ്ങള്‍ നല്‍കാന്‍ എഡ്വേര്‍ഡോ ബോല്‍സനാരോ ട്വിറ്ററില്‍ പങ്കുവച്ച ചിത്രങ്ങളും വിവാദമായിട്ടുണ്ട്. 1930കളില്‍ സോവിയറ്റ് ഉക്രൈനില്‍ നടന്ന ക്ഷാമത്തിന്റെയും പട്ടിണിയുടെയും ചിത്രമെന്ന പേരില്‍ പങ്കുവച്ചത് 1905ല്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ നടന്ന ക്ഷാമത്തിന്റെ ചിത്രമാണ്. നിരവധി പേര്‍ തെറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും ചിത്രം പിന്‍വലിക്കാന്‍ എഡ്വേര്‍ഡ് തയ്യാറായിട്ടില്ല. ജര്‍മനിയിലെ നാസി കോണ്‍സന്‍ട്രേഷന്‍ ക്യാംപിന്റെ ചിത്രത്തോടൊപ്പമാണ് വിവാദ ചിത്രം പങ്കുവച്ചത്. നാസികളും കമ്മ്യൂണിസ്റ്റുകളും ഒരുപോലെയാണെന്ന തന്റെ പരാമര്‍ശത്തിനുള്ള തെളിവ് എന്ന പേരിലാണ് എഡ്വേര്‍ഡോ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്. സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും മുഖങ്ങള്‍ ചേര്‍ത്തുവച്ച് പോസ്റ്ററും ട്വീറ്റ് ചെയ്തിരുന്നു.




Tags:    

Similar News