'പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പകപോക്കല്‍ രാഷ്ട്രീയം'; ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെതിരേ പ്രതിഷേധം ശക്തം

ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ബിജെപി പ്രാദേശിക നേതാവ് അനൂപ് കുമാര്‍ ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Update: 2022-04-21 19:08 GMT

ന്യൂഡല്‍ഹി: ഗുജറാത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ട്വീറ്റ് ഇട്ടതിന്റെ പേരില്‍ അസം പോലിസാണ് ജിഗ്‌നേഷ് മേവാനിയെ അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ ഗുജറാത്തിലെ പാലന്‍പുരില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അസം സ്വദേശിയായ ബിജെപി പ്രാദേശിക നേതാവ് അനൂപ് കുമാര്‍ ദേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരില്‍ എംഎല്‍എ പദവിയിലുള്ളയാളെ അറസ്റ്റുചെയ്തതിനെതിരേ വിവിധ മേഖലകളില്‍നിന്ന് വലിയ പ്രതിഷേധമാണുയരുന്നത്.

രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ജിഗ്‌നേഷ് മേവാനിക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. 'പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പകപോക്കല്‍ രാഷ്ട്രീയം' ആണ് ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ കലാശിച്ചതെന്നാണ് ആക്ഷേപം. തന്റെ അറസ്റ്റിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസാണെന്ന് ജിഗ്‌നേഷ് മേവാനി തന്നെയാണ് പരസ്യമായി ആരോപണമുന്നയിച്ചത്. പോലിസിനൊപ്പം കോടതി മുറിയിലേക്ക് പോവുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് മേവാനി ഇങ്ങനെ പറഞ്ഞത്.

'ഇത് പകപോക്കല്‍ രാഷ്ട്രീയമാണ്, ഇതിന് പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസാണ്' എന്നാണദ്ദേഹം പ്രതികരിച്ചത്. മേവാനിയെ അസമിലെ കൊക്രജാറിലെ കോടതിയിലാണ് ഹാജരാക്കിയത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെ ശക്തമായി അപലപിച്ചു. ജിഗ്‌നേഷ് മേവാനിയെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. വിയോജിപ്പുകളെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ട് സത്യത്തെ തടവിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കഴിയില്ല.

അദ്ദേഹത്തെ പ്രതിനിധിയായി തിരഞ്ഞെടുത്ത ആളുകളെ അപമാനിക്കുന്നതിന് തുല്യമാണ് അത്. ഇതിനെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തുമെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. പ്രധാനമന്ത്രിക്കെതിരേ ട്വിറ്റ് ചെയ്തുവെന്ന കാരണത്താലാണ് ജിഗ്‌നേഷിനെ കസ്റ്റഡിയിലെടുത്തതെന്നുപറയുന്ന റിപോര്‍ട്ടും രാഹുല്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും സംഭവത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റ്. ജനപ്രതിനിധിയായ ജിഗ്‌നേഷിന്റെ അറസ്റ്റ് ജനാധിപത്യത്തിന്റെ അടിത്തറയെ തന്നെ തകര്‍ക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ കുറിച്ചു.

രാജ്യത്ത് സാമുദായിക സൗഹാര്‍ദത്തിനായി അഭ്യര്‍ഥിക്കുകയും രണ്ട് സമുദായങ്ങള്‍ക്കെതിരേ പോരാടരുതെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ കുറ്റമാണോ?' കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ചോദിക്കുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നരയോടെ അഹമ്മദാബാദ് വിമാനത്താവളത്തില്‍ മേവാനിയുടെ അറസ്റ്റിനെതിരേ ഗുജറാത്ത് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് താക്കോറിന്റെ നേതൃത്വത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സര്‍ക്കാരിനെതിരേ യുവാക്കള്‍ ജനങ്ങളുടെ ശബ്ദമുയര്‍ത്തുമ്പോള്‍ ബിജെപി സര്‍ക്കാര്‍ ഭയപ്പെടുത്തുകയാണ്.

എന്നാല്‍, ഞങ്ങള്‍ക്ക് യുദ്ധം ചെയ്യാന്‍ ഭയമില്ല- താക്കൂര്‍ പറഞ്ഞു. അവാര്‍ഡ് ജേതാവായ എഴുത്തുകാരി മീനാ കന്ദസാമിയും നടി സ്വര ഭാസ്‌കറും ഉള്‍പ്പെടെ പലരും അറസ്റ്റില്‍ ആശങ്ക ഉയര്‍ത്തിയും മേവാനിയെ പിന്തുണച്ചും രംഗത്തുവന്നു. 'ഗോഡ്‌സേയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജാറത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ഥിക്കണം' എന്നായിരുന്നു ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി ഐടി ആക്ടിലെ സെക്ഷന്‍ 66, ഐപിസി സെക്ഷന്‍ 120 ബി (ക്രിമിനല്‍ ഗൂഢാലോചന), സെക്ഷന്‍ 153 (എ) (രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 295 (എ) (ഏതെങ്കിലും വര്‍ഗത്തിന്റെ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), സെക്ഷന്‍ 504 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ജിഗ്‌നേഷ് മേവാനിക്കെതിരേ കേസെടുത്തത്. എന്നാല്‍, എഫ്‌ഐആറിന്റെ പകര്‍പ്പ് നല്‍കാതെയാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

പരാതിക്ക് ആധാരമായ ജിഗ്‌നേഷിന്റെ ട്വീറ്റുകള്‍ ട്വിറ്റര്‍ തടഞ്ഞിട്ടുണ്ട്. എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ജിഗ്‌നേഷ് മേവാനിക്ക് ജാമ്യം നല്‍കണമെന്നുമാവശ്യപ്പെട്ട് അസം ഹൈക്കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ ആനന്ദ് യാജ്ഞിക് അറിയിച്ചു. ഗുജറാത്തിലെ വദ്ഗാം മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര എംഎല്‍എ ആയാണ് ജിഗ്‌നേഷ് മേവാനി വിജയിച്ചത്. മാധ്യമപ്രവര്‍ത്തകനായിരുന്ന ജിഗ്‌നേഷ് മേവാനി പിന്നീട് അഭിഭാഷകവൃത്തിയിലേക്കും അവിടെ നിന്ന് രാഷ്ട്രീയത്തിലേക്കും പ്രവേശിക്കുകയായിരുന്നു.

മോദി ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന ജിഗ്‌നേഷ് ദലിത് അധികാര്‍ മഞ്ച് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ കണ്‍വീനര്‍ കൂടിയാണ്. 2021 സപ്തംബര്‍ 28 നാണ് ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദലിതുകളുടെ അവകാശങ്ങള്‍ക്കായുളള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനാണ് ജിഗ്‌നേഷ്. ബിജെപി ഭരിക്കുന്ന അസം പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെ രാഷ്ട്രീയപരമായ നീക്കമായി തന്നെ കാണേണ്ടതുണ്ട്. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് അടുക്കുന്നതിന് മുമ്പാണ് അറസ്റ്റ് എന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഹിമന്ത ബിശ്വ ശര്‍മ 2021ല്‍ മുഖ്യമന്ത്രിയായി അധികാരമേറ്റത് മുതല്‍ അസമില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പ്രതികാര നടപടി വര്‍ധിച്ചുവരികയാണ്.

Tags:    

Similar News