ടിഡിപിയില്‍ നിന്ന് ബിജെപിയിലേക്ക് ചാടിയത് സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവര്‍
ന്യൂഡല്‍ഹി: ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്ന നാല് രാജ്യസഭാംഗങ്ങളില്‍ രണ്ടു പേര്‍ സാമ്പത്തിക കുറ്റകൃത്യത്തിന്റെ പേരില്‍ അന്വേഷണം നേരിടുന്നവര്‍. ബിജെപി പാളയത്തിലേക്കു മാറിയ രാജ്യസഭാ എംപിമാരും വ്യവസായികളുമായ സി എം രമേഷ്, വൈ എസ് ചൗധരി എന്നിവരാണ് അന്വേഷണം നേരിടുന്നത്. ഇവര്‍ ആദായനികുതി വകുപ്പ്, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നീ ഏജന്‍സികളുടെ നിരീക്ഷണത്തിനു കീഴിലാണ്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മയും സ്‌പെഷല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ രമേഷിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. രമേഷുമായി ബന്ധമുള്ള കമ്പനിയ്‌ക്കെതിരെ ആദായനികുതിവകുപ്പ് അന്വേഷണമാണ് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നത്.
അതേസമയം, ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ സിബിഐയുടേയും ഇഡിയുടേയും നിരീക്ഷണത്തിലാണ് ചൗധരി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൗധരിയേയും രമേഷിനെയും ആന്ധ്രാ മല്യമാര്‍ എന്നാണ് ബിജെപി എംപി ജിവിഎല്‍ നരസിംഹ റാവു വിശേഷിപ്പിച്ചത്. ഇരുവര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ഇദ്ദേഹം രാജ്യസഭാ എത്തിക്‌സ് കമ്മിറ്റിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. രമേഷിനേയും ചൗധരിയേയും അയോഗ്യരാക്കണമെന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ രമേഷുമായി ബന്ധപ്പെട്ട കമ്പനി 100 കോടി രൂപയുടെ സംശയകരമായ രീതിയിലുള്ള ഇടപാട് നടത്തിയതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. തിരിച്ചറിയാന്‍ പാടില്ലാത്ത ഇടപാടുകളിലൂടെ റിത്‌വിക് പ്രോജക്റ്റ് കമ്പനി 74 കോടി രൂപ സ്വന്തമാക്കി. 25 കോടി രൂപയുടെ ബില്ലുകള്‍ സംശയാസ്പദമാണെന്നും കണ്ടെത്തി.
ഒക്ടോബര്‍ 12 ന് കമ്പനിയുടെ ഹൈദരാബാദിലെ ഓഫിസിലും കടപ്പയിലെ രമേഷിന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. അന്ന് ടിഡിപി റെയ്ഡിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. രാഷ്ട്രീയ പകയാണ് റെയ്ഡിനു പിന്നിലെന്നായിരുന്നു ആരോപണം. ചൗധരിക്കെതിരെ കള്ളപ്പണം വെളിപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി കേസെടുത്തിരുന്നു. ഇദ്ദേഹത്തിന്റെ 315 കോടിയുടെ ആസ്തി കണ്ടുകെട്ടുകയും ചെയ്തു. ഫെരാരി, ബിഎംഡബ്ല്യൂ, റേഞ്ച് റോവര്‍ തുടങ്ങിയ ആഡംബര കാറുകളും റെയ്ഡില്‍ പിടിച്ചെടുത്തിരുന്നു. ചൗധരി ചെയര്‍മാനായ ബിസിഇപിഎല്‍ കമ്പനിയുടെ ഓഫിസിലും റെയ്ഡ് നടന്നു. ഇവിടെനിന്നും നിരവധി കടലാസ് കമ്പനികളുടെ 126 റബര്‍ സ്റ്റാമ്പുകളും രേഖകളും പിടിച്ചെടുത്തിരുന്നു.