തെലുഗു ദേശം പാര്‍ട്ടി സ്ഥാനാര്‍ഥിയുടെ ഓഫിസില്‍ റെയ്ഡ്

Update: 2019-04-10 05:52 GMT

ഹൈദരാബാദ്: തെലുഗു ദേശം പാര്‍ട്ടി(ടിഡിപി) നേതാവും എംപിയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍നിന്നുള്ള സ്ഥാനാര്‍ഥിയുമായ ജയദേവ് ഗല്ലയുടെ ഓഫിസില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഇന്നലെ രാത്രിയോടെയാണ് ഗല്ലയുടെ ഓഫിസുകളില്‍ റെയ്ഡ് നടന്നത്. കോടീശ്വരനായ ഗല്ല ജയദേവ് അമര രാജ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ്. 2014ലാണു ജയദേവ് ആദ്യമായി തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. അന്ന് 680 കോടിയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഓഫിസില്‍ റെയ്ഡ് നടന്നതിനുപിന്നാലെ ജയദേവും ടിഡിപി നേതാക്കളും ഗുണ്ടൂരിലെ പട്ടാഭിപുരത്ത് പ്രതിഷേധിച്ചു. തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് പ്രധാനമന്ത്രി മോദി തന്നെയും ടിഡിപിയെയും ലക്ഷ്യമിടുന്നതെന്ന് ഗല്ല ആരോപിച്ചു. ഇത് അടിയന്തരാവസ്ഥയിലേക്കും ഫാഷിസത്തിലേക്കും നയിക്കുമെന്നും ജയദേവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ മോദി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് ജയദേവ് വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്ത്രമാണ് റെയ്ഡുകളെന്നും അടിയന്തരാവസ്ഥയിലേക്കും ഫാഷിസത്തിലേക്കുമാണ് രാജ്യം നീങ്ങുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Tags:    

Similar News