വിമാനത്താവളത്തിൽ ചന്ദ്രബാബു നായിഡുവിന് ദേഹപരിശോധന; വിഐപി പരിഗണന നിഷേധിച്ചു

ബിജെപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച്‌ പ്രതികാരം ചെയ്യുകയാണെന്നും, ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ ആരോപിച്ചു.

Update: 2019-06-15 06:27 GMT

വിജയവാഡ: ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തി ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ചന്ദ്രബാബു നായിഡുവിനെ വിമാനത്താവളത്തില്‍ ദേഹപരിശോധനയ്ക്ക് വിധേയനാക്കി. വിഐപി പരി​ഗണന നിഷേധിച്ചതിനെതിരേ പ്രതിപക്ഷ പാർട്ടിയായ ടിഡിപി രം​ഗത്തെത്തി. വെള്ളിയാഴ്ച രാത്രി വിജയവാഡയിലെ ഗണ്ണാവരം വിമാനത്താവളത്തിലാണ് സംഭവം. അദ്ദേഹത്തിന് വിഐപികള്‍ക്കുള്ള വാഹനം ലഭ്യമാക്കിയില്ലെന്നും സാധാരണ യാത്രക്കാര്‍ക്കുള്ള ബസ്സില്‍ കയറിയാണ് നായിഡു എത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. അംഗരക്ഷകരെ വിമാനം വരെ അനുഗമിക്കാന്‍ വിമാനത്താവള ജീവനക്കാര്‍ അനുവദിച്ചില്ലെന്നും പിന്നീട് തനിക്കൊപ്പമുള്ളവരോട് മടങ്ങിപ്പോകാനും സാധാരണ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയനാകാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടതായാണ് റിപോർട്ട്. സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി തെലുങ്കുദേശം പാര്‍ട്ടി രംഗത്തെത്തി.ബിജെപിയും വൈഎസ്‌ആര്‍ കോണ്‍ഗ്രസും എതിരാളികളെ തിരഞ്ഞുപിടിച്ച്‌ പ്രതികാരം ചെയ്യുകയാണെന്നും, ചന്ദ്രബാബു നായിഡുവിനെ അപമാനിക്കുക മാത്രമല്ല, ഇസെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നതിന് വീഴ്ചവരുത്തുകയും ചെയ്തതായി ടിഡിപി നേതാവ് ചിന്ന രാജപ്പ ആരോപിച്ചു. വര്‍ഷങ്ങളോളം പ്രതിപക്ഷ നേതാവായിരുന്നിട്ടും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. അദ്ദേഹത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ചിന്ന രാജപ്പ പറഞ്ഞു. 2003ൽ തിരുപ്പതിയിലെ അലിപിരിയിൽ വച്ചുണ്ടായ മാവോവാദി ആ​ക്രമണത്തെതുടർന്നാണ് ചന്ദ്രബാബു നായിഡുവിന് ഇസെഡ് കാറ്റ​ഗറി സുരക്ഷ ഒരുക്കിയിരുന്നത്.

Tags:    

Similar News