കൊറോണ പ്രതിരോധം: സേവന വഴിയില്‍ മുന്നേറി ഹോമിയോ ഡോക്ടര്‍മാര്‍
റസാഖ് മഞ്ചേരി
കോഴിക്കോട്: കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തില്‍ നിര്‍ണായക ചുവടുവയ്പുകളോടെ ഹോമിയോ ഡോക്ടര്‍മാരും. വൈറസ് ബാധയെ തടയാനും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും ഉതകുന്ന ഹോമിയോ ഔഷധങ്ങള്‍ സൗജന്യമായി വിതരണം ചെയ്താണ് ഹോമിയോ ഡോകടര്‍മാര്‍ ശ്രദ്ധേയരാവുന്നത്. ആയുഷ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ തലത്തിലും ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷനു കീഴില്‍ സ്വകാര്യമായുമാണ് ഹോമിയോ ഡോക്ടര്‍മാര്‍ മാതൃകാപരമായ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആര്‍സനിക്ക ആല്‍ബം എന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകളാണ് ഇവര്‍ വിതരണം ചെയ്യുന്നത്. ലോക്ക് ഡൗണ്‍ കാലത്തും സേവനം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, നിയമ പാലകര്‍, അഗ്‌നിരക്ഷാ സേന, സന്നദ്ധ പ്രവര്‍ത്തകര്‍, ജയില്‍ അധുകൃതര്‍, തടവുകാര്‍ തുടങ്ങിയവര്‍ക്കാണ് മരുന്നുകള്‍ നല്‍കുന്നത്. രോഗികളുമായി സമ്പര്‍ക്കം വരാന്‍ കൂടുതല്‍ സാധ്യതയുള്ളവര്‍ എന്ന നിലയിലാണ് ഇവര്‍ക്ക് പ്രഥമ പരിഗണന നല്‍കുന്നത്. സര്‍ക്കാര്‍ ഡിസ്‌പെസറികള്‍ വഴി ആവശ്യക്കാര്‍ക്കും മരുന്ന് വിതരണം ചെയ്യുന്നുണ്ട്. പോലിസ് സേനാംഗങ്ങള്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യാന്‍ സംസ്ഥാന പോലിസ് മോധാവി നേരത്തേ അനുവാദം നല്‍കിയിരുന്നു. ജില്ലാതലത്തില്‍ 2000 പേര്‍ക്ക് എന്ന തോതില്‍ ഇത്തരത്തില്‍ വിതരണം പൂര്‍ത്തിയാക്കി. പോലിസ് ക്യാംപുകളിലും മരുന്നെത്തിച്ചു. ഇപ്പോള്‍ ജയിലുകളിലെ വിതരണമാണ് നടക്കുന്നത്. അലോപതിയെ മാത്രം ആശ്രയിക്കാതെ സമാന്തര വൈദ്യരംഗത്തെ പ്രതിരോധ മരുന്നും ഉപയോഗിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നേരത്തെ നിര്‍ദേശിച്ചിരുന്നു.
കൊവിഡ് 19 കാവത്ത് ഹോമിയോ പ്രതിരോധ മരുന്നുകള്‍ക്ക് പ്രചാരം ഏറുന്നുണ്ട്. ദിനേന നിരവധി പേര്‍ പ്രതിരോധ മരുന്നുകള്‍ വാങ്ങാനെത്തുന്നതായി ഹോമിയോ മെഡിക്കല്‍ ഷോപ്പ് നടത്തിപ്പുകാരും പറയുന്നു. കൊറോണ പ്രതിരോധ മരുന്ന് എന്ന പേരിലല്ല ഡോക്ടര്‍മാര്‍ മരുന്ന് കുറിപ്പടി നല്‍കുന്നത്. 'പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും പ്രതിരോധ ശേഷി കൂട്ടുന്നതിനും ആവശ്യമായ ഔഷധം എന്ന നിലയ്ക്കാണ് ആളുകള്‍ ഹോമിയോപ്പതിയെ ആശ്രയിക്കുന്നത്' ഐഎച്ച്എംഎ മലപ്പുറം ജില്ലാ പ്രസിഡന്റ് ഡോ. ടി കെ അന്‍വര്‍ റഹ്മാന്‍ പറഞ്ഞു. അലോപ്പതിയില്‍ പ്രതിരോധ മരുന്നുകള്‍ ഇല്ലാത്തതും ഹോമിയോക്ക് ഡിമാന്റ് വര്‍ധിപ്പിക്കുന്നുണ്ട്. ആയുഷ് വകുപ്പിനു കീഴില്‍ പ്രധിരോധ മരുന്ന് വിതരണം നടത്താന്‍ നേരത്തേ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഐഎംഎയുടെ ഭാഗത്തു നിന്നുള്ള സമ്മര്‍ദ്ദം മൂലം മിക്ക സംസ്ഥാനങ്ങളിലും ഇത് നടപ്പായില്ല. രോഗവ്യാപനം ഭീതിതമായ സാഹചര്യത്തില്‍ ഭിഷഗ്വരന്മാര്‍ എന്ന നിലയില്‍ തങ്ങളുടെ ബാധ്യത വിര്‍വഹിക്കുകയാണ് മരുന്ന് വിതരണത്തിലൂടെ ചെയ്യുന്നതെന്ന് ഹോമിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു.
ഇന്ത്യന്‍ ഹോമിയോപതിക് മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ആസ്ഥാനത്തെ പോലിസുകാര്‍ക്കുള്ള മരുന്ന് ജില്ലാ പോലിസ് മേധാവി അബ്ദുല്‍ കരീമിന് കൈമാറി. ജില്ലാ പ്രസിഡന്റ് ഡോ. കെ ടി അബ്ദുര്‍റഹ്മാന്‍ നേതൃത്വം നല്‍കി. 1700 പേര്‍ക്കുള്ള മരുന്നാണ് മലപ്പുറത്ത് വിതരണം ചെയ്തത്. കോഴിക്കോട് 2000 പേര്‍ക്കാണ് വിതരണം നടത്തിയത്. ഐഎച്ച്എംഎ മഞ്ചേരി ചാപ്റ്റര്‍ സെക്രട്ടറി ഡോ. സലിം എന്‍, ജില്ലാ കമ്മിറ്റിയംഗം ഡോ. ഷര്‍ജാന്‍ അഹമ്മദ്, മഞ്ചേരി ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് ഡോ. സദഖത്തുല്ല ത്വാഹിര്‍, ഡോ. സുഫൈല്‍ എന്നിവരുടെ നേതൃത്വത്തില്‍ മഞ്ചേരി പോലിസ് സ്‌റ്റേഷനിലെത്തിയും ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ മരുന്നുകള്‍ നല്‍കി. ഇന്‍സ്‌പെക്ടര്‍ തോമസ്‌കുട്ടി ഏറ്റുവാങ്ങി. മഞ്ചേരി സ്‌റ്റേഷനിലെ 62ഓളം സിവില്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കും ട്രാഫിക് സ്‌റ്റേഷനിലെ 39 പോലിസ് ഉദ്യോഗസ്ഥര്‍ക്കുമാണ് മരുന്നുകള്‍ വിതരണം ചെയ്തത്. സര്‍ക്കാര്‍ അനുമതി കിട്ടിയാല്‍ പ്രതിരോധ ശേഷിക്കുള്ള മരുന്നിന് പുറമേ, കൊവിഡ് 19 ചികില്‍സയ്ക്കും ഹോമിയോ മരുന്ന് ഉപയോഗിക്കാനാവുമെന്ന് മലപ്പുറം ജില്ലാ കമ്മിറ്റിയംഗം ഡോ. ഷര്‍ജാന്‍ അഹമ്മദ് തേജസിനോട് പറഞ്ഞു. സമഗ്ര സമീപനത്തോടെ ആതുര സേവന രംഗത്ത് പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ പകര്‍ച്ചവ്യാധികള്‍ ഫലപ്രദമായി പ്രതിരോധിക്കാനാവൂ എന്നാണ് ഹോമിയോ ഡോക്ടര്‍മാര്‍ പറയുന്നത്. ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നവര്‍ക്ക് അലോപതിയിലും കൃത്യമായ മരുന്ന് നിര്‍ദേശിക്കാനില്ല എന്നതാണ് പ്രത്യേകത. രോഗ ലക്ഷണത്തിനാണ് ചികില്‍സ നല്‍കിക്കൊണ്ടിരിക്കുന്നത്. അതേരീതി ഇതിലേറെ ഫലപ്രദമായി ഹോമിയോ ചികില്‍സാ രീതിയിലൂടെ സാധ്യമാവുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ചിക്കന്‍പോക്‌സ് പോലുള്ള രോഗങ്ങള്‍ക്കുള്ള പ്രതിരോധ മരുന്നുകള്‍ക്ക് നേരത്തേ തന്നെ പൊതുജനം ഹോമുയോപതിയെയാണ് ആശ്രയിച്ചുവരുന്നത്. നിപ്പ കാലത്തും ഇതുണ്ടായിരുന്നു.