ലോക്ക് ഡൗണില്‍ അടഞ്ഞ് ബാര്‍ബര്‍ ഷോപ്പുകള്‍; നാടെങ്ങും 'മൊട്ടയടിക്കല്‍' ചലഞ്ച്
മലപ്പുറം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ ബാര്‍ബര്‍ ഷോപ്പുകളും അടഞ്ഞുകിടക്കുകയാണ്. ഇതോടെ, മുടി മുറിക്കാന്‍ പ്രയാസപ്പെട്ടവര്‍ എളുപ്പമുള്ളൊരു ചലഞ്ച് കണ്ടെത്തിയിരിക്കുകയാണ്-മൊട്ടയടിക്കല്‍ ചലഞ്ച്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും മാത്രമല്ല, വിദേശങ്ങളിലും വരെ മൊട്ടയടിക്കല്‍ ചലഞ്ച് ഹിറ്റായിരിക്കുകയാണ്. പണ്ടുകാലത്തൊക്കെ മൊട്ടയടിച്ചാല്‍ അത് ആളുകള്‍ കാണാതിരിക്കാന്‍ തൊപ്പിയോ മറ്റോ തലയിടുകയാണു പതിവെങ്കില്‍ ന്യൂജെന്‍ കാലത്ത് എല്ലാം മറിച്ചാണ്. മൊട്ടയടിച്ച് അത് ഫേസ്ബുക്കിലും വാട്‌സാപ്പിലും ഇന്‍സ്റ്റഗ്രാമിലും തുടങ്ങി എല്ലാ സാമൂഹിക മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യുകയാണ്. ഒറ്റയ്ക്കായും കൂട്ടായും മൊട്ടകള്‍ ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങള്‍ കീഴടക്കുകയാണ്.
സാധാരണയായി ചൂടുകാലം തുടങ്ങിയാല്‍ ചിലയിടങ്ങളില്‍ ഇത്തരത്തില്‍ കൂട്ടത്തോടെ മൊട്ടയടിക്കാറുണ്ട്. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കോള്‍മൊട്ട എന്ന സ്ഥലത്തെ മൊട്ടകളെ കുറിച്ച് പത്രങ്ങളില്‍ പ്രാധാന്യത്തോടെ വാര്‍ത്തകളും വരാറുണ്ട്. ഇക്കുറിയും മയ്യിലിനു സമീപത്തെ കുറ്റിയാട്ടൂരില്‍ നിന്നാണ് ഇത്തരത്തിലൊരു മൊട്ടയടി ചലഞ്ചിന്റെ വാര്‍ത്തകള്‍ ആദ്യം ചാനലുകളില്‍ വന്നുതുടങ്ങിയത്. ബാര്‍ബര്‍ ഷോപ്പുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഡ്രിമ്മറുകള്‍ ഉപയോഗിച്ച് പരസ്പരം മുടിയെടുക്കുന്നതാണ് രീതി. പിന്നീടങ്ങോട്ട് എല്ലാവരും ഈ രീതി ഏറ്റെടുക്കുകയായിരുന്നു. മലപ്പുറം ജില്ലയിലെ മൊറയൂരില്‍ മാത്രം അഞ്ചു ഡസനിലേറെ പേരാണ് മൊട്ടയടിച്ചത്. ഇവരെല്ലാം ഫേസ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്യുന്നുമുണ്ട്. മൊട്ടയടിക്കലായതിനാല്‍ വലിയ വൈദഗ്ധ്യം വേണ്ടെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. മാത്രമല്ല, ചൂടായതിനാല്‍ നല്ല സുഖമാണെന്നും ചിലര്‍ പറയുന്നു. നാട്ടുകാര്‍ ഏറ്റെടുത്തതോടെ വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാഷ്ട്രങ്ങളിലുള്ളവരും മൊട്ടയടി തുടങ്ങി. അവരും മൊട്ടയടിച്ച് നാട്ടുകാരോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. മുടി മുമുറിക്കാനാവാതെ കുറേ കാലം കഴിയുന്നതിനേക്കാള്‍ നല്ലതല്ലേ ഈ മൊട്ടയടി ചലഞ്ചെന്നാണ് ചിലരുടെ ചോദ്യം.
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ നടത്തുന്നവര്‍ തൊഴിലെടുക്കാനാവാതെ ബുദ്ധിമുട്ടുകയാണ്. അതിനേക്കാള്‍ പ്രയാസത്തിലാണ് മുടിയും താടിയുമെടുക്കാനാവാത്തവരെന്നാണ് പ്രവാസികളില്‍ ചിലര്‍ പറയുന്നത്. കഷ്ടിച്ച് ഒരുമാസമല്ലാതെ പിടിച്ചുനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കിയാണ് പലരും കൂട്ട മൊട്ടയടിക്ക് തലവച്ചു കൊടുക്കുന്നത്. സ്വന്തമായി മൊട്ടയടിക്കുന്നത് പണി പാളുമെന്നതിനാലാണ് പലരും കൂട്ടത്തോടെ മൊട്ടയടിക്കാന്‍ കാരണം. മാത്രമല്ല, ലോക്ക് ഡൗണിലെ മൂഡ് ഓഫ് കാലത്ത് പരസ്പരം മൊട്ടമാഹാത്മ്യം പറഞ്ഞും സമയം കൊല്ലാം. കൊവിഡ് പ്രതിരോധത്തിലേര്‍പ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ മൊട്ടയടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇങ്ങനെ പോയാല്‍ കൊവിഡ് കാലം മൊട്ടക്കാലമാവുമെന്നും കൊവിഡ് കഴിഞ്ഞാലും മൊട്ടയടി തുടരുമോയെന്നുമാണ് ബാര്‍ബര്‍മാരുടെ ആശങ്ക.