വിദ്യാര്‍ഥികളെ കയറ്റാന്‍ വിസമ്മതിച്ചു; സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി
എടത്തല കുഴിവേലിപ്പടി സ്വദേശിയായ സുധീര്‍ എന്നയാളുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു
കൊച്ചി: വിദ്യാര്‍ഥികളെ കയറ്റാതിരിക്കാന്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്താതെ പോകുകയും ഇത് ചോദ്യം ചെയ്തതില്‍ പ്രതിഷേധിച്ചു വാഹനത്തില്‍ നിന്ന് ഇറങ്ങി പോവുകയും ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് താല്‍ക്കാലികമായി റദ്ദാക്കി.മൂന്ന് മാസത്തേക്കാണ് റദ്ദ് ചെയ്തത്. എടത്തല കുഴിവേലിപ്പടി സ്വദേശിയായ സുധീര്‍ എന്നയാളുടെ ലൈസന്‍സ് ആണ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കിയത്. ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി പോകുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.മെയ് 19 നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
എറണാകുളം പുക്കാട്ടുപാടി റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് കുഴിവേലിപ്പടി കെ എം ഇ എ കോളജിന്റെ സമീപം നിര്‍ത്താതെ പോകുന്നത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ബസ് നിര്‍ത്തി വാഹനത്തില്‍ നിന്ന് ഇയാള്‍ ഇറങ്ങി പോയത്. ഇത് പ്രദേശത്തു ഗതാഗത തടസമുണ്ടാകുന്നതിനും കാരണമായി. സുധീറിനെ കൂടിക്കാഴ്ചക്കായി ലൈസന്‍സിങ് അതോറിറ്റി വിളിച്ച സമയത്ത് ലൈസന്‍സിന്റെ അസല്‍ ഹാജരാക്കിയിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു.
15 ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കാന്‍ നിര്‍ദേശിച്ചുവെങ്കിലും സുധീര്‍ ലൈസന്‍സ് ഹാജരാക്കിയില്ല. മോട്ടോര്‍ നിയമ ലംഘനത്തിന് പുറമെ ലൈസന്‍സിങ് അതോറിറ്റി നിര്‍ദേശങ്ങള്‍ അനുസരിക്കാതിരിക്കുകയും ചെയ്തതിനാലാണ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.