ദുബയിലുണ്ടായ ബസ്സപകടം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 11.5 കോടി രൂപ നഷ്ടപരിഹാരം
ദുബയ്: ദുബയിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് ദുബയ് കോടതി 50 ലക്ഷം ദിര്‍ഹം (ഏകദേശം 11.5കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചു. ഹൈദരാബാദ് സ്വദേശിയും റാസല്‍ഖൈമയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായിരുന്ന മുഹമ്മദ് ബേഗ് മിര്‍സയ്ക്കാണ് വന്‍തുക നഷ്ടപരിഹാരം വിധിച്ചതെന്ന് കേസ് ഏറ്റെടുത്തു നടത്തിയ ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2019 ജൂണില്‍ ഒമാനില്‍ നിന്ന് പുറപ്പെട്ട ബസ് ദുബയ് റാശിദിയയിലാണ് അപകടത്തില്‍പ്പെട്ടത്. പെരുന്നാള്‍ ആഘോഷത്തിനിടെയുണ്ടായ അപകടം യുഎഇയിലെ വലിയ റോഡപകടങ്ങളിലൊന്നായിരുന്നു. റാശിദിയ മെട്രോ സ്‌റ്റേഷനിലേക്ക് പ്രവേശിക്കുന്ന എന്‍ട്രി പോയിന്റിലെ ഹൈബാറില്‍ ബസിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിന്റെ ഇടത് മുകള്‍ഭാഗം പൂര്‍ണമായും തകരുകയും 12 ഇന്ത്യക്കാരടക്കം 17 പേര്‍ മരണപ്പെടുകയും ചെയ്തിരുന്നു. അപകടം നടക്കുമ്പോള്‍ മുഹമ്മദ് ബേഗ് മിര്‍സക്ക് 20 വയസ്സായിരുന്നു. റമദാന്‍, ഈദ് അവധിക്കാലം ബന്ധുക്കളോടൊപ്പം ചെലവഴിക്കാന്‍ മസ്‌കത്തിലേക്ക് പോയി മടങ്ങിവരുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. രണ്ടര മാസത്തോളം ദുബയ് റാശിദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന യുവാവ് 14 ദിവസത്തോളം അബോധവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നീണ്ട കാലം പുനരധിവാസ കേന്ദ്രത്തില്‍ ചികില്‍സ തേടി. ഇതോടെ പഠനവും മറ്റും നിലച്ചിരുന്നു. പരിക്കുകളുടെ ഗുരുതരാവസ്ഥയും ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും പരിഗണിച്ചാണ് ദുബൈ കോടതി നഷ്ടപരിഹാരത്തുക വിധിച്ചത്. തുക ബസിന്റെ ഇന്‍ഷുറന്‍സ് കമ്പനിയാണ് നല്‍കേണ്ടത്. ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍ഗള്‍ഫ് അഡ്വക്കേറ്റ്‌സ് സീനിയര്‍ കണ്‍സള്‍ട്ടണ്ട് ഈസാ അനീസ്, അഡ്വ. യു സി അബ്ദുല്ല, അഡ്വ. മുഹമ്മദ് ഫാസില്‍ എന്നിവരാണ് മുഹമ്മദ് ബേഗ് മിര്‍സക്കു വേണ്ടി കേസ് ഏറ്റെടുത്തു നടത്തിയത്.