കോഴിക്കോട്: പുള്ളാവൂർ പുഴയിൽ ഫുട്ബാൾ ആരാധകർ സ്ഥാപിച്ച ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കട്ടൗട്ടുകളുടെ ചിത്രം പങ്കുവെച്ച് അന്തർദേശീയ ഫുട്ബാൾ ഫെഡറേഷനും. ട്വിറ്റർ വഴിയാണ് 'ഫിഫ ലോകകപ്പ് ജ്വരത്തിൽ കേരളം' എന്ന കുറിപ്പോടെ 'ഫിഫ' ചിത്രം പങ്കുവെച്ചത്. ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളുടെ കട്ടൗട്ടുകൾ സ്ഥാപിച്ചതോടെ കേരളത്തിലെ ഫുട്ബാൾ ആവേശം അന്തർദേശീയ മാധ്യമങ്ങളടക്കം വാർത്തയാക്കിയിരുന്നു.
പുള്ളാവൂർ ചെറുപുഴയിൽ അർജന്റീന ആരാധകർ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചതോടെ ബ്രസീൽ ആരാധകർ നെയ്മറിന്റെ അതിനേക്കാൾ വലിയ കട്ടൗട്ട് സ്ഥാപിക്കുകയായിരുന്നു. ഇതോടെ പോർച്ചുഗൽ ആരാധകരും കട്ടൗട്ട് സ്ഥാപിച്ചു.