ഒഡീഷയില്‍ നാശനഷ്ടം വിതച്ച് ഫോനി; തീവ്രത കുറഞ്ഞ് ബംഗാളിലേക്ക് (video)

Update: 2019-05-03 12:43 GMT

ന്യൂഡല്‍ഹി: ഫോനി ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലേക്ക് നീങ്ങുന്നു. ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞാണ് ബംഗാളിലേക്ക് നീങ്ങുന്നത്. വടക്ക്-കിഴക്ക് ദിശയിലാണ് കാറ്റിന്റെ സഞ്ചാരം.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച ഫോനി തീവ്രത കുറഞ്ഞ് 130 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളിലേക്ക് നീങ്ങുന്നത്. കാറ്റിന്റെ തീവ്രത കുറഞ്ഞെങ്കിലും ഒഡീഷയില്‍ ഇപ്പോഴും കനത്ത മഴയുണ്ട്. ടെലിഫോണ്‍ ബന്ധമടക്കം പലയിടത്തും പൂര്‍ണമായും താറുമാറായിരിക്കുകയാണ്. ഒഡീഷയില്‍ കനത്ത നാശനഷ്ടം വിതച്ചിട്ടുണ്ട്.

ഏറ്റവും ഒടുവില്‍ ലഭിച്ച റിപോര്‍ട്ട് അനുസരിച്ച് ഒഡീഷയില്‍ മൂന്ന് മരണം സംഭവിച്ചിട്ടുണ്ട്. അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഒഡീഷയുടെ കരഭാഗത്തേക്ക് കാറ്റ് ആഞ്ഞടിച്ചതോടെ ഏറെ നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി വീഴുകയും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഭുവനേശ്വറിലെ എയിംസ് കെട്ടിട്ടത്തിന്റെ മേല്‍ക്കൂര കനത്ത കാറ്റില്‍ പറന്നുപോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എയിംസ് കെട്ടിടത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി അറിയിച്ചു. എയിംസിലെ ഹോസ്റ്റലിന്റെ മേല്‍ക്കൂരയാണ് കനത്ത കാറ്റില്‍ പറന്നുപോയത്. എയിംസിലെ രോഗികളും ജോലിക്കാരും വിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും അറിയിച്ചിട്ടുണ്ട്.


Similar News