നേപ്പാള്‍ പോലിസിന്റെ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

അടിവയറ്റില്‍ വെടിയേറ്റ് പരിക്കേറ്റ വികേഷ് യാദവ്(22) ആണ് കൊല്ലപ്പെട്ടത്. ഉദയ് താക്കൂര്‍(24), ഉമേഷ് റാം(18) എന്നിവരെ പരിക്കുകളോടെ സീതാമരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Update: 2020-06-12 15:02 GMT

സീതാമരി: ബീഹാറിലെ സീതാമരി ജില്ലയിലെ ഇന്തോ-നേപ്പാള്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നേപ്പാള്‍ അതിര്‍ത്തി സേന നടത്തിയ വെടിവയ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. അടിവയറ്റില്‍ വെടിയേറ്റ് പരിക്കേറ്റ വികേഷ് യാദവ്(22) ആണ് കൊല്ലപ്പെട്ടത്. ഉദയ് താക്കൂര്‍(24), ഉമേഷ് റാം(18) എന്നിവരെ പരിക്കുകളോടെ സീതാമരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ സ്ഥലങ്ങളില്‍ അവകാശവാദമുന്നയിച്ച് നേപ്പാള്‍ പുതിയ രാഷ്ട്രീയ ഭൂപടം പുറത്തുവിട്ടശേഷം ഇരുരാജ്യങ്ങളും തമ്മില്‍ പോര് നടക്കുന്നതിനിടെയാണ് സംഭവം. ഉത്തരാഖണ്ഡിന്റെ ഭാഗമാണെന്ന് ഇന്ത്യ അഭിപ്രായപ്പെടുന്ന സ്ഥലങ്ങളാണ് നേപ്പാള്‍ ഈയിടെ പുറത്തിറക്കിയ ഭൂപടത്തില്‍ പശ്ചിമ നേപ്പാളിന്റെ ഭാഗമായി കാണിച്ചിരുന്നത്.

    രാവിലെ 8:40 ഓടെയാണ് സംഭവം. പ്രദേശം ഇപ്പോള്‍ സാധാരണ നിലയിലാണെന്നും ഇരുരാജ്യങ്ങളിലെയും പ്രാദേശിക കമാന്‍ഡര്‍മാര്‍ ഉടന്‍ ബന്ധപ്പെട്ടതായും അതിര്‍ത്തി നിരീക്ഷിക്കുന്ന സശസ്ത്ര സീമാ ബെല്‍ ഡയറക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് ശര്‍മ പറഞ്ഞു. നാട്ടുകാരും നേപ്പാളിലെ സായുധ പോലിസ് സേനയും(എപിഎഫ്) തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് എസ്എസ്ബി ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് കുമാര്‍ ഫോണിലൂടെ എഎഫ്പിയോട് പറഞ്ഞതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും അദ്ദേഹം സ്ഥിരീകരിച്ചു.

    കൊറോണയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ഇന്ത്യക്കാര്‍ തങ്ങളുടെ പ്രദേശത്ത് കയറുന്നുവെന്ന് ആരോപിച്ച് എപിഎഫ് സൈന്യം എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രതിഷേധമുണ്ടായതെന്നാണ് റിപോര്‍ട്ട്. അതിര്‍ത്തിയുടെ ഇരുവശങ്ങളിലുമുള്ള ജില്ലകളിലുള്ളവര്‍ വേലിയൊന്നുമില്ലാത്തതിനാല്‍ സമ്പര്‍ക്കം പുലര്‍ത്തിവരുന്നുണ്ട്. കുടുംബാംഗങ്ങളെ കാണാന്‍ എത്താറുണ്ടെന്നും പ്രദേശവാസികള്‍ പറയുന്നു. ഐപിഎഫ് ഇതിനെ എതിര്‍ത്തതോടെ രൂക്ഷമായ വാഗ്വാദമുണ്ടായി. ഇതിനിടെ, ഇന്ത്യക്കാര്‍ നേപ്പാളി എപിഎഫിന് നേരെ കല്ലെറിഞ്ഞെന്നാണ് ആരോപണം. എന്നാല്‍, തെക്കന്‍ സാര്‍ലഹി ജില്ലയിലെ പാര്‍സ റൂറല്‍ മുനിസിപ്പാലിറ്റിയിലെ നാരായണ്‍പൂര്‍ പ്രദേശത്ത് 2530 ഇന്ത്യന്‍ പൗരന്മാര്‍ നേപ്പാളിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവമെന്ന് എപിഎഫ് അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ നാരായണ്‍ ബാബു താപ്പ കാഠ്മണ്ഡുവില്‍ പറഞ്ഞു. ''പ്രതിഷേധക്കാര്‍ ഞങ്ങളുടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥനില്‍ നിന്ന് ആയുധങ്ങള്‍ പോലും തട്ടിയെടുത്തു. പത്ത് റൗണ്ട് ആകാശത്തേക്ക് വെടിയുതിര്‍ത്ത ശേഷം, ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സ്വയം പ്രതിരോധത്തിനായി വെടിവയ്‌ക്കേണ്ടിവന്നു. അതില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു'' എപിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    വിവരമറിഞ്ഞ് ലോക്കല്‍ പോലിസ്, അഡ്മിനിസ്‌ട്രേഷന്‍, എസ്എസ്ബി എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. നേപ്പാളി സായുധ പോലിസ് സേന 45 കാരനായ ലഗന്‍ യാദവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിച്ചതായി സശസ്ത്ര സീമാ ബെല്‍ ഡയറക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് ശര്‍മ പറഞ്ഞു.




Tags:    

Similar News