ഉത്തര്‍പ്രദേശ്: മുസഫര്‍നഗറില്‍ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലേക്ക് ബസ് പാഞ്ഞുകയറി ആറു മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ബിഹാറിലേക്ക് കാല്‍ നടയായി യാത്ര ചെയ്യുകയായിരുന്ന തൊഴിലാളികളാണ് മരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് പഞ്ചാബില്‍ നിന്നു തങ്ങളുടെ സ്വദേശമായ ബിഹാറിലെ ഗോപാല്‍ഗഞ്ചിലേക്ക് പോവുകയായിരുന്നു ഇവര്‍. ബുധനാഴ്ച രാത്രി 11 നാണ് അപകടം. ബസില്‍ ആരുമുണ്ടായിരുന്നുല്ലെന്നും അപകടം നടന്നയുടന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടെന്നും പോലിസ് പറഞ്ഞു. മരണപ്പെട്ടവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ബസ്സാണ് അപകടം വരുത്തിയത്.
കുടിയേറ്റ തൊഴിലാളികള്‍ റോഡിലൂടെ നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബുധനാഴ്ച യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടിലേക്ക് നടന്നുപോവുന്ന കുടിയേറ്റ തൊഴിലാളികള്‍ അപകടങ്ങളില്‍ പെടുന്നത് രാജ്യത്ത് വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ഔറംഗബാദില്‍ ട്രാക്കില്‍ ഉറങ്ങുകയായിരുന്ന കാര്‍ഗോ ട്രെയിന്‍ ഇടിച്ചുകയറി 16 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.