ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു, നിഷേധിച്ച് ആശുപത്രി അധികൃതര്‍

ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് രോഗികള്‍ മരിക്കാനിടയായതെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. രാത്രിസമയത്ത് ഓക്‌സിജന്റെ അളവ് 91 ശതമാനത്തിന് മുകളിലായിരുന്നു. രാവിലെ ആശുപത്രി ജീവനക്കാര്‍ പറഞ്ഞു ഓക്‌സിജന്റെ അളവ് കുറവാണെന്ന്. രോഗികളുടെ ശരീരങ്ങള്‍ തണുത്തിരിക്കുന്നതായി കണ്ടു.

Update: 2021-04-18 10:20 GMT

ഭോപാല്‍: മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗികള്‍ മരിച്ചത് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. മധ്യപ്രദേശിലെ ഷാഹോല്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലാണ് ലിക്വിഡ് ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദത്തെത്തുടര്‍ന്ന് 10 കൊവിഡ് രോഗികള്‍ മരിച്ചത്. അതേസമയം, ഓക്‌സിജന്‍ സിലിണ്ടറിലെ മര്‍ദ്ദത്തിന്റെ പേരിലാണ് ഇത്രയുംപേരുടെ മരണമുണ്ടായതെന്ന ആരോപണത്തെ ആശുപത്രി അധികൃതര്‍ തള്ളിക്കളഞ്ഞു. ഈ വാര്‍ത്ത വാസ്തവത്തില്‍ തെറ്റാണെന്ന് ജില്ലാ ഭരണകൂടവും ആശുപത്രി അധികൃതരും പറയുന്നു.

തീവ്രപരിചരണ വിഭാഗത്തില്‍ ഇന്നലെ രാത്രി ആറ് മരണങ്ങള്‍ മാത്രമാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഓക്‌സിജന്റെ അഭാവമല്ല ഇതിന് കാരണം. ഐസിയുവില്‍തന്നെ 62 ഗുരുതര രോഗികളുണ്ട്. മൊത്തത്തില്‍ 255 രോഗികളാണ് ഇന്നലെ രാത്രി കൊവിഡ് ആശുപത്രിയിലുണ്ടായിരുന്നത്. ഇതില്‍ 155 പേര്‍ക്ക് ഓക്‌സിജനുണ്ടായിരുന്നുവെന്നും മെഡിക്കല്‍ കോളജ് ആശുപത്രി ഡീന്‍ ഡോ. മിലിന്ദ് ഷിരാല്‍ക്കര്‍ എന്‍ഡിടിവിയോട് പറഞ്ഞു. ഓക്‌സിജന്റെ അഭാവമോ ഓക്‌സിജന്‍ സിലിണ്ടറിലെ മര്‍ദ്ദമോ മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന് ജില്ലാ കലക്ടര്‍ സത്യേന്ദ്ര സിങ്ങും വിശദീകരിക്കുന്നു. മെഡിക്കല്‍ കോളജില്‍ എല്ലായ്‌പ്പോഴും ജംബോ സിലിണ്ടറുകള്‍ ലഭ്യമാണ്.

മെഡിക്കല്‍ കോളജില്‍ ജംബോ സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് തുടരുകയാണ്- അദ്ദേഹം പറഞ്ഞു. അതേസമയം, ആശുപത്രി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് രോഗികള്‍ മരിക്കാനിടയായതെന്ന നിലപാടില്‍ ബന്ധുക്കള്‍ ഉറച്ചുനില്‍ക്കുകയാണ്. രാത്രിസമയത്ത് ഓക്‌സിജന്റെ അളവ് 91 ശതമാനത്തിന് മുകളിലായിരുന്നു. രാവിലെ ആശുപത്രി ജീവനക്കാര്‍ പറഞ്ഞു ഓക്‌സിജന്റെ അളവ് കുറവാണെന്ന്. അവര്‍ ഞങ്ങളെ അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചില്ല. പക്ഷേ, എങ്ങനെയോ ഞങ്ങള്‍ അകത്തുകയറി. രോഗികളുടെ ശരീരങ്ങള്‍ തണുത്തിരിക്കുന്നതായി കണ്ടു. ഇത് ആശുപത്രി ഭരണകൂടത്തിന്റെ പൂര്‍ണപരാജയമാണെന്ന് രോഗിയുടെ ഒരു ബന്ധു പറഞ്ഞു.

രോഗിക്ക് രാത്രിയിലുള്ള ഭക്ഷണം നല്‍കിയശേഷം ഞങ്ങള്‍ 12 മണിക്കാണ് പോയത്. രാവിലെ 6 മണിയോടെ അദ്ദേഹം മരിച്ചെന്ന് ഞങ്ങള്‍ക്ക് വിവരം ലഭിച്ചു. ഓക്‌സിജന്‍ സിലിണ്ടര്‍ തീര്‍ന്നതായി ആശുപത്രിയിലെ ഗാര്‍ഡ് പറഞ്ഞു- മറ്റൊരു ബന്ധു പറഞ്ഞു. എന്നാല്‍, സംസ്ഥാനത്തിന് ആവശ്യമായ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമാണെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്. ഞങ്ങള്‍ക്ക് 350 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചു.

അതേസമയം, ഉപഭോഗം 335 മെട്രിക് ടണ്ണാണ്. ഞങ്ങള്‍ പ്രാദേശിക ക്രമീകരണങ്ങളും നടത്തുന്നു എല്ലാ ജില്ലകളിലും 1,293 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഏപ്രില്‍ 20 വരെ 445 മെട്രിക് ടണ്‍ ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഏപ്രില്‍ 25 വരെ 565 മെട്രിക് ടണ്ണും ഏപ്രില്‍ 30 ന് 700 മെട്രിക് ടണ്ണും ലഭിച്ചു. ഏപ്രില്‍ അവസാനം വരെ കണക്കാക്കിയ രോഗികള്‍ക്ക് ഈ ഓക്‌സിജന്‍ മതിയാവും- ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News