വധ ഭീഷണികളും സമ്മര്‍ദ്ദങ്ങളും വിലപ്പോയില്ല; ഹിന്ദുത്വ ഫാസിസം ചര്‍ച്ചയാവുന്ന യുഎസിലെ ത്രിദിന സമ്മേളനവുമായി സംഘാടകര്‍ മുന്നോട്ട്

തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും അവഗണിച്ചാണ് 'ആഗോള ഹിന്ദുത്വം തകര്‍ക്കുക' എന്ന പ്രമേയത്തില്‍ യുഎസില്‍ അക്കാദമിക് സമ്മേളനം തുടരുന്നത്.

Update: 2021-09-11 07:16 GMT

വാഷിങ്ടണ്‍: ഹിന്ദു ഭീതി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച് തീവ്രഹിന്ദുത്വ ഗ്രൂപ്പുകള്‍ വധഭീഷണി ഉള്‍പ്പെടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ അഴിച്ചുവിട്ടിട്ടും ഹിന്ദുത്വ ഫാസിസത്തിന്റെ വളര്‍ച്ച ചര്‍ച്ച ചെയ്യുന്ന ത്രിദിന അക്കാദമിക് സമ്മേളനവുമായി സംഘാടകര്‍ മുന്നോട്ട്. തീവ്രഹിന്ദുത്വ ഗ്രൂപ്പുകളുടെ എല്ലാ സമ്മര്‍ദ്ദങ്ങളെയും അവഗണിച്ചാണ് 'ആഗോള ഹിന്ദുത്വം തകര്‍ക്കുക' എന്ന പ്രമേയത്തില്‍ യുഎസില്‍ അക്കാദമിക് സമ്മേളനം തുടരുന്നത്.

സംഘാടകര്‍ക്കും പ്രഭാഷകര്‍ക്കും നേരെ വധഭീഷണി ഉള്‍പ്പെടെ ഹിന്ദുത്വര്‍ ഉയര്‍ത്തിയിരുന്നു. ഭീഷണികളെ തുടര്‍ന്ന് ചിലര്‍ സമ്മേളനത്തില്‍നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. അതേസമയം, ഹിന്ദു ദേശീയതയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലേക്ക് വെളിച്ചംവീശുന്നതാണ് സമ്മേളനമെന്ന് സംഘാടകര്‍ വ്യക്തമാക്കി. ക്രിസ്റ്റഫര്‍ ജെഫ്രലെറ്റ്, കവിയും ദലിത് ആക്ടിവിസ്റ്റുമായ മീന കന്ദസാമി, പ്രാഫസര്‍ ഡോ. ഓഡ്രി ട്രഷ്‌കെ എന്നിവരുള്‍പ്പെടെ നിരവധി വിദഗ്ധരാണ് വിവിധ സെഷനുകളില്‍ സംസാരിച്ചത്.

'5 വര്‍ഷത്തിലേറെയായി, ഹിന്ദുത്വരില്‍നിന്ന് ദിനംപ്രതി എണ്ണമറ്റ വിദ്വേഷ മെയിലുകളാണ് തനിക്ക് ലഭിക്കുന്നത്. വധ ഭീഷണികള്‍ക്കു പുറമെ ബലാത്സംഗ ഭീഷണികളും നേരിടേണ്ടിവന്നതായി' പ്രഫ. ട്രൂഷ്‌കെ പറഞ്ഞു. ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ്, പ്രിന്‍സ്റ്റണ്‍, കൊളംബിയ, ബെര്‍ക്ക്‌ലി, ചിക്കാഗോ സര്‍വകലാശാല, പെന്‍സില്‍വാനിയ സര്‍വകലാശാല, റട്‌ഗേഴ്‌സ് എന്നിവയുള്‍പ്പെടെ 50ലധികം സര്‍വകലാശാലകള്‍ കോണ്‍ഫറന്‍സിന് സഹ പ്രായോജകരാണ്.

സമ്മേളനം ഹിന്ദു ഭീതിയെ പ്രോല്‍സാഹിപ്പിക്കുന്നതാണെന്ന ഹിന്ദുത്വരുടെ ആരോപണം തള്ളി, തങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിലാണെന്ന് സംഘാടകര്‍ വ്യക്തമാക്കി.

'കോണ്‍ഫറന്‍സില്‍ നിന്ന് പിന്മാറാന്‍ ഹിന്ദുത്വ ഗ്രൂപ്പുകള്‍ വിവിധ സര്‍വകലാശാലകള്‍ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായി സംഘാടകരെ ഉദ്ധരിച്ച് ദ ഗാര്‍ഡിയന്‍ റിപോര്‍ട്ട് ചെയ്തു. 'തെറ്റായ വിവര പ്രചാരണത്തിന്' ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സംഘാടകര്‍ പറഞ്ഞു.

കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് സംഘം പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തിയതായും സംഘാടകര്‍ വ്യക്തമാക്കി.'നിങ്ങളുടെ മകന് വേദനാജനകമായ മരണം നേരിടേണ്ടിവരും' എന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പങ്കാളികളിലൊരാളായ കന്ദസാമിക്ക് ലഭിച്ച ഭീഷണി.

സമ്മേളനത്തില്‍നിന്നു പിന്‍മാറണമെന്നാവശ്യപ്പെട്ട് കോണ്‍ഫറന്‍സില്‍ ഉള്‍പ്പെട്ട സര്‍വകലാശാലകളിലെ പ്രസിഡന്റുമാര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പത്തുലക്ഷത്തിലധികം ഇ മെയിലുകളാണ് ഹിന്ദുത്വ സംഘങ്ങള്‍ അയച്ചത്. പങ്കെടുക്കുന്ന ജീവനക്കാരെ പിന്‍വലിക്കാനും പിരിച്ചുവിടാനും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ന്യൂജേഴ്‌സിയിലെ ഡ്രൂ യൂണിവേഴ്‌സിറ്റിക്ക് 30,000 ലധികം ഇമെയിലുകളാണ് ഇതു സംബന്ധിച്ച് ലഭിച്ചത്. ഇത് യൂണിവേഴ്‌സിറ്റി സെര്‍വര്‍ തകരാറിലാക്കാന്‍ കാരണമായിരുന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും ഹിന്ദുത്വ ഗ്രൂപ്പുകളുടെ സംഘടിത പ്രവര്‍ത്തനങ്ങളിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News