കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കല്‍: ആദ്യദിവസം 10 സ്ഥലങ്ങളില്‍ കല്ലേറ്‌

സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കല്ലേറ് സംഭവങ്ങള്‍ താരതമ്യേന ശക്തി കുറഞ്ഞ നിലയിലാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു

Update: 2019-08-07 02:07 GMT

ന്യൂഡല്‍ഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനം നടപ്പാക്കിയ ദിവസം വന്‍ സുരക്ഷയ്ക്കിടയിലും റിപോര്‍ട്ട് ചെയ്തത് 10 കല്ലേറ് കേസുകള്‍. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടതിനാല്‍ കശ്മീരില്‍ നടക്കുന്നതിനെ കുറിച്ചോ, പ്രത്യേകാധികാരം റദ്ദാക്കിയതു സംബന്ധിച്ച പൂര്‍ണവിവരങ്ങള്‍ കശ്മീരികള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുണ്ടോയെന്നും വ്യക്തമല്ല. കാര്യമായ വാര്‍ത്തകളൊന്നും ജമ്മു കശ്മീര്‍ ഭാഗങ്ങളില്‍നിന്നു പുറംലോകം അറിയുന്നില്ല. എന്നാല്‍, ആദ്യദിവസം പ്രതിഷേധക്കാര്‍ 10 സ്ഥലങ്ങളില്‍ കല്ലേറ് നടത്തിയെന്നാണു ദേശീയ മാധ്യമമായ ദി ക്വിന്റ് റിപോര്‍ട്ട് ചെയ്യുന്നു. ആഗസ്ത് അഞ്ചിന് 10 സ്ഥലങ്ങളില്‍ കല്ലേറുണ്ടായതായി ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ദരിച്ചാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 9 എണ്ണം ശ്രീനഗറിലും ഒരെണ്ണം അവന്തിപോറയിലുമാണ്. 20ല്‍ താഴെ പ്രതിഷേധക്കാരാണ് കല്ലെറിഞ്ഞതെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

    ആഗസ്ത് അഞ്ചിനു രാവിലെ 8നും ഉച്ചയ്ക്കു രണ്ടിനും ഇടയില്‍ ശ്രീനഗറിലെ മാലിക് ഷാ ഗല്ലിയിലെ സബ്ജി മാണ്ടിയില്‍ സിആര്‍പിഎഫ് വാഹനത്തിനു നേരെയുണ്ടായ കല്ലേറില്‍ വാഹനത്തിനു കേടുപാട് സംഭവിച്ചു. വൈകീട്ട് 4നും രാത്രി 8.30നും ഇടയില്‍ ശ്രീനഗറിലെ സോമയാര്‍ മന്ദിരത്തിലാണ് കല്ലേറുണ്ടായത്. രാത്രി 7.15നു ശ്രീനഗറിലെ ഹഫീസാബാദ് ക്യാംപിനു നേരെയും കല്ലേറുണ്ടായി. 90 ഫീറ്റ് റോഡില്‍ രാത്രി 7.20നും 7.25നും ഇടയിലാണ് കല്ലേറുണ്ടായത്. നൗഹത്തയിലെ ഇസ് ലാമിക് കോളജില്‍ വൈകീട്ട് 6.30നും 7.15നും ഇടയിലാണ് കല്ലേറുണ്ടായത്. ശ്രീനഗറിലെ ഛോട്ടാബസാറിലെ ഫയര്‍സര്‍വീസിന്റെ ടി പോയിന്റില്‍ ഉച്ചയ്ക്കു 2.30നും രാത്രി 7.15നും ഇടയിലാണ് കല്ലേറുണ്ടായത്. രാത്രി ഏഴിനും 8.30നും ഇടയില്‍ ഹംദാരിയ പാലത്തിലും കല്ലേറുണ്ടായി. ഇതേസമയം തന്നെയാണ് ശ്രീനഗറിലെ എസ്ഡിഎ ഓഫിസിനു നേരെയും ശ്രീനഗറിലെ പവര്‍ ഗ്രിഡിനും നേരെ കല്ലേറുണ്ടായത്. അവസാനം കല്ലേറുണ്ടായത് അവന്തിപോറയിലെ പഞ്ച് ഗാവോണിലാണ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കല്ലേറ് സംഭവങ്ങള്‍ താരതമ്യേന ശക്തി കുറഞ്ഞ നിലയിലാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഉത്തരവുണ്ടാവുന്നതു വരെ സുരക്ഷ തുടരും. കശ്മീര്‍ താഴ് വരയില്‍ ഇപ്പോഴും സെക്്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ തുടരുകയാണ്. ഇതുപ്രകാരം കൂട്ടംകൂടി നില്‍ക്കുന്നതും യോഗങ്ങള്‍ ചേരുന്നതിനും നിരോധനം നിലനില്‍ക്കുകയാണ്.

Tags:    

Similar News