10 വര്‍ഷം തടവ്, ഒരു ലക്ഷം രൂപ പിഴ; കടുത്ത വ്യവസ്ഥകളുമായി കര്‍ണാടകത്തിന്റെ നിര്‍ദിഷ്ട മതപരിവര്‍ത്തന നിരോധന നിയമം

Update: 2021-12-18 03:04 GMT

ബംഗളൂരു: കടുത്ത വ്യവസ്ഥകളുമായി കര്‍ണാടകത്തിന്റെ നിര്‍ദിഷ്ട മതപരിവര്‍ത്തന നിരോധന നിയമം. മതപരിവര്‍ത്തനം നടത്തുന്നവര്‍ക്കെതിരേ മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവിനും ഒരു ലക്ഷം രൂപ പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന നിര്‍ദിഷ്ട മതപരിവര്‍ത്തന നിരോധന ബില്ലിലാണ് വ്യവസ്ഥകളുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

മതപരിവര്‍ത്തനം നടത്തുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിനോ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെ റാങ്കില്‍ കുറയാത്ത മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ ഫോം രണ്ടില്‍ മുന്‍കൂര്‍ നോട്ടിസ് നല്‍കണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു.

'കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു റിലീജിയന്‍ ബില്ല്2021'ന്റെ കരട് പകര്‍പ്പ് പ്രകാരം, മതപരിവര്‍ത്തനം ലക്ഷ്യമിട്ടുള്ള വിവാഹങ്ങള്‍ അസാധുവായി പ്രഖ്യാപിക്കും.

നിര്‍ബന്ധിക്കല്‍, സ്വാധീനം ചെലുത്തല്‍, വശീകരണം, വഞ്ചന, വിവാഹം തുടങ്ങി ഏതെങ്കിലും തരത്തില്‍ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നതായി കണ്ടെത്തിയാല്‍ നടപടിയെടുക്കും. 'ഒരു വ്യക്തി തന്റെ തൊട്ടുമുന്‍പത്തെ മതത്തിലേക്ക് വീണ്ടും പരിവര്‍ത്തനം ചെയ്താല്‍, അത് ഈ നിയമപ്രകാരം പരിവര്‍ത്തനമായി കണക്കാക്കില്ല,' നിയമത്തിന്റെ സെക്ഷന്‍ മൂന്നില്‍ പറയുന്നു.

നിര്‍ദ്ദിഷ്ട നിയമപ്രകാരം, 'മതപരിവര്‍ത്തനത്തിന് വിധേയനാകുന്ന വ്യക്തി, മാതാപിതാക്കള്‍, സഹോദരന്‍, സഹോദരി, രക്തബന്ധുക്കള്‍, വിവാഹ ബന്ധമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മതപരിവര്‍ത്തനം സംബന്ധിച്ച് വിവരം നല്‍കാം.

ഡ്രാഫ്റ്റ് റെഗുലേഷന്‍ അനുസരിച്ച്, സെക്ഷന്‍3 ന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ നിയമ നടപടികള്‍ക്ക് വിധേയരാവും. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷയായിരിക്കും ലഭിക്കുക. 25,000 രൂപയില്‍ കുറയാത്ത പിഴയും ഈടാക്കും. എസ്‌സി/എസ്ടി, പ്രായപൂര്‍ത്തിയാകാത്തവരെ മതം മാറ്റിയാല്‍ കഠിനമായ ശിക്ഷയും വ്യവസ്ഥയിലുണ്ട്.

'പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി, അല്ലെങ്കില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തിയെ സംബന്ധിച്ചിടത്തോളം സെക്ഷന്‍ 3ന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ മൂന്ന് വര്‍ഷത്തില്‍ കുറയാത്തതും എന്നാല്‍ 10 വര്‍ഷം വരെ നീണ്ടുനില്‍ക്കുന്നതുമായ തടവിന് ശിക്ഷിക്കപ്പെടും. ഇത്തരം കേസുകളില്‍ 50,000 രൂപയില്‍ കുറയാത്ത പിഴയും ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. നിര്‍ദിഷ്ട നിയമത്തില്‍ പറയുന്നു. കൂടാതെ, കൂട്ട മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് മൂന്ന് മുതല്‍ 10 വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തും.

Tags:    

Similar News