നേതൃമാറ്റം വേണം; സോണിയയ്ക്ക് നേതാക്കള്‍ കത്തയച്ചെന്ന് സഞ്ജയ് ഝാ, നിഷേധിച്ച് കോണ്‍ഗ്രസ്‌

ഫേസ്ബുക്ക് വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമെന്ന് കോണ്‍ഗ്രസ്

Update: 2020-08-17 11:37 GMT

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നേതൃമാറ്റവും സുതാര്യമായ തിരഞ്ഞെടുപ്പും വേണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ ഉള്‍പ്പെടെ നൂറോളം കോണ്‍ഗ്രസ് നേതാക്കള്‍ സോണിയാഗാന്ധിക്ക് കത്തയച്ചെന്നു ഈയിടെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യപ്പെട്ട വക്താവ് സഞ്ജയ് ഝാ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇത്തരമൊരു കത്ത് ലഭിച്ചിട്ടില്ലെന്നും ഫേസ്ബുക്ക് വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 'പാര്‍ട്ടിയിലെ നിലവിലെ സാഹചര്യത്തില്‍ ദുഖിതരായ എംപിമാര്‍ ഉള്‍പ്പെട ഏകദേശം നൂറോളം നേതാക്കള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതി. സുതാര്യമായ തിരഞ്ഞെടുപ്പും രാഷ്ട്രീയ നേതൃമാറ്റവും ആവശ്യപ്പെട്ടാണ് കത്തെഴുതിയത് എന്നായിരുന്നു സഞ്ജയ് ഝായുടെ ട്വീറ്റ്.

രാജസ്ഥാനിലെ യുവ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തിനു പിന്നാലെ പാര്‍ട്ടിക്കെതിരേ പരസ്യവിമര്‍ശനം ഉന്നയിച്ചതിനാണ് സഞ്ജയ് ഝായെ സസ്‌പെന്റ് ചെയ്തത്. കോണ്‍ഗ്രസ് അംഗങ്ങളോ എംപിമാരോ എഴുതിയ അത്തരം ഒരു കത്ത് ഇല്ലെന്നും ബിജെപിയുടെ നിര്‍ദേശപ്രകാരമാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. പാര്‍ട്ടി ഒരു മുഴുസമയ പ്രസിഡന്റിനു വേണ്ടിയുള്ള അന്വേഷണം വേഗത്തിലാക്കണമെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഈയിടെ വ്യക്തമാക്കിയിരുന്നു.

    ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വന്‍ പരാജയത്തിനു ശേഷം രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. ഇതിനുശേഷം സോണിയാ ഗാന്ധിയാണ് ഇടക്കാല അധ്യക്ഷ സ്ഥാനത്ത് തുടരുന്നത്. സോണിയയുടെ ഇടക്കാല അധ്യക്ഷ കാലാവധി ആഗസ്ത് 10ന് അവസാനിച്ചിരുന്നെങ്കിലും പൂര്‍ണതോതില്‍ നേതൃസ്ഥാനത്ത് ആളെത്തുന്നതുവരെ സോണിയാ ഗാന്ധിയോട് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ് വിയാണ് ഔദ്യോഗികമായി അറിയിച്ചിരുന്നത്.

100 'Dissenters' Write To Sonia Gandhi? Congress Denies Sanjay Jha Claim


Tags:    

Similar News