ബിജെപി നേതാവിന്റെ കാര്‍ ആക്രമിച്ചെന്ന് ആരോപണം; ഹരിയാനയില്‍ നൂറിലധികം കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കേസ്

Update: 2021-07-15 14:36 GMT

ചണ്ഡിഗഢ്: ഹരിയാനയില്‍ ഡെപ്യൂട്ടി സ്പീക്കറും ബിജെപി നേതാവുമായ രണ്‍ബീര്‍ ഗാംഗ്‌വയുടെ കാര്‍ ആക്രമിച്ചെന്നാരോപിച്ച് നൂറിലേറെ കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഹരിയാന പോലിസ് കേസെടുത്തു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായ സമരത്തിനിടെയാണ് രണ്‍ബീര്‍ ഗംഗ്‌വയുടെ കാറിനു നേരേ ആക്രമണം നടന്നതെന്നാണ് ആരോപിക്കുന്നത്. ജൂലൈ 11ന് ഹരിയാനയിലെ സിര്‍സ ജില്ലയിലാണ് സംഭവം നടന്നത്. ഡെപ്യൂട്ടി സ്പീക്കറുടെ കാര്‍ തകര്‍ത്തെന്നാരോപിച്ച് അന്നുതന്നെ രാജ്യദ്രോഹകുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. രാജ്യദ്രോഹത്തിന് പുറമെ കര്‍ഷകര്‍ക്കെതിരേ കൊലപാതക ശ്രമവും ചുമത്തിയിട്ടുണ്ട്.

കര്‍ഷക പ്രസ്ഥാനം നേതാക്കളായ ഹര്‍ചരന്‍ സിങ്, പ്രഹ്ലാദ് സിങ് തുടങ്ങിയവരുടെ പേരുകള്‍ എഫ്‌ഐആറിലുണ്ടെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹം ചുമത്തി കേസെടുത്ത നടപടിക്കെതിരേ പ്രതിഷേധം രേഖപ്പെടുത്തി സമരം നടത്തുന്ന കര്‍ഷക സംഘടനകളിലൊന്നായ സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവന പുറത്തിറക്കി. വാസ്തവവിരുദ്ധവും ബാലിശവും കെട്ടിച്ചമച്ചതുമായ കുറ്റങ്ങളാണ് കര്‍ഷകര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇതിനെ കോടതിയില്‍ നേരിടും. ഹരിയാന ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരേ പ്രതിഷേധച്ചതിന്റെ പേരില്‍ കര്‍ഷക നേതാക്കളായ ഹര്‍ചരന്‍ സിങ്, പ്രഹ്ലാദ് സിങ്, നൂറോളം കര്‍ഷകര്‍ എന്നിവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി വ്യാജ കേസെടുത്തിട്ടുണ്ട്- പ്രസ്താവനയില്‍ പറയുന്നു.

രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരേ സുപ്രിംകോടതി വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് സമരം ചെയ്ത കര്‍ഷകര്‍ക്കെതിരേ രാജ്യദ്രോഹ കെസെടുത്തതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. മുന്‍സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴായിരുന്നു ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളോണിയല്‍ കാലത്തേതാണെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയത്. ഹരിയാനയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നു. ഫത്തേഹാബാദ്, ജജ്ജാര്‍, ഹിസാര്‍, യമുനാനഗര്‍ എന്നിവിടങ്ങളില്‍ നടന്ന പ്രകടനങ്ങളില്‍ കര്‍ഷകരും പോലിസുമായി ഏറ്റുമുട്ടലിന് കാരണമായി.

Tags:    

Similar News