ജാര്‍ഖണ്ഡില്‍ ബസ്സപകടം: 11 മരണം; 25 പേര്‍ക്ക് പരിക്ക്

മരിച്ചവരില്‍ ഭൂരിഭാഗവും ബിഹാര്‍, യെഹാനാബാദ്, ഡാഘി, ബരാചട്ടി എന്നിവിടങ്ങളിലുള്ളവരാണ്

Update: 2019-06-10 07:14 GMT

റാഞ്ചി: ജാര്‍ഖണ്ഡിലെ ഹസാരിബാഗിലുണ്ടായ ബസ് അപകടത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ ദേശീയപാത രണ്ടില്‍ ധന്‍വ ഘാഡിയില്‍ ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ജിടി റോഡിലെ ചൗപര്‍ണയിലെ ദന്‍വ താഴ് വരയില്‍ രാവിലെ 3.30 ഓടെയാണ് അപകടം. മരിച്ചവരില്‍ ഭൂരിഭാഗവും ബിഹാര്‍, യെഹാനാബാദ്, ഡാഘി, ബരാചട്ടി എന്നിവിടങ്ങളിലുള്ളവരാണ്. ഹസാരിബാഗ് ഡെപ്യൂട്ടി കമ്മീഷണര്‍ രവിശങ്കര്‍ ശുക്ലയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. ബസ് ഡ്രൈവര്‍ മുഹമ്മദ് മുജാഹിദ് ഉള്‍പ്പെടെയുള്ളവര്‍ മരണപ്പെട്ടിട്ടുണ്ട്. റാഞ്ചി പട്‌ന ജില്ലയിലെ മസൂരിയില്‍ നിന്നു വരികയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.


  120 കിലോമീറ്റര്‍ വേഗതയിലെത്തിയ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഡ്രൈവര്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും എതിരേവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ്സിന്റെ താഴത്തെ ഭാഗം പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരില്‍ പലരുടെയും സ്ഥിതി അതീവ ഗുരുതരമാണ്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ഡ്രൈവര്‍ വിളിച്ചുപറയുന്നത് കേട്ടെന്നും യാത്രക്കാരെ രക്ഷപ്പെടുത്താന്‍ കണ്ടക്ടറും ഡ്രൈവറും ശ്രമിച്ചെങ്കിലും അപ്പോഴേക്കും അപകടം നടന്നുകഴിഞ്ഞെന്നും ഒരു യാത്രക്കാരന്‍ പറഞ്ഞു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പോലിസും സ്ഥലം സന്ദര്‍ശിച്ചു. സംഭവസ്ഥലം ബ്ലാക്ക് സ്‌പോട്ടായി പ്രഖ്യാപിച്ചതായി സീനിയര്‍ പോലിസ് ഓഫിസര്‍ മനീഷ് കുമാര്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസത്തിനിടെ ഇവിടെയുണ്ടായ വാഹനാപകടങ്ങളില്‍ 150 പേര്‍ കൊല്ലപ്പെട്ടതായും ഇതേക്കുറിച്ച് ദേശീയപാത അതോറിറ്റി സംഘം വീണ്ടും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Tags:    

Similar News