പുല്‍വാമ ആക്രമണം: 13പേര്‍ കസ്റ്റഡിയില്‍; അഫ്ഗാന്‍ ബോംബ് നിര്‍മാണ വിദഗ്ധനെ തിരയുന്നു
അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിശീലനം സിദ്ധിച്ച ഒരാളെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു.
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരേ നടന്ന ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ജമ്മു കശ്മീര്‍ പോലിസും കേന്ദ്ര ഏജന്‍സികളും നിരവധി സംഘങ്ങള്‍ക്കു രൂപം നല്‍കി. വിവിധ സൂചനകളുടെ അടിസ്ഥാനത്തില്‍ നാലോ അഞ്ചോ ദിശകളിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്ത് പരിശീലനം സിദ്ധിച്ച ഒരാളെയും പേര് വെളിപ്പെടുത്താത്ത മറ്റൊരാളെയും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നീങ്ങുന്നതെന്ന് ദി പ്രിന്റ് റിപോര്‍ട്ട് ചെയ്തു. ദക്ഷിണ കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡുകളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 13 പേരെ പിടികൂടിയിട്ടുണ്ട്. എന്നാല്‍, പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്‌ശെ മുഹമ്മദിന്റെ സജീവ പ്രവര്‍ത്തകരായ ഏഴു പേരിലാണ് മുഖ്യശ്രദ്ധ. 40ഓളം ജവാന്മാര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്തം ജയ്‌ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
ബോംബ് നിര്‍മാണത്തില്‍ വിദഗ്ധനായ കംറാന്‍ എന്ന അഫ്ഗാനിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാ സേനയെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഡിസംബറില്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയ കംറാന്‍ ദക്ഷിണ കശ്മീരിലെ പുല്‍വാമ, അവന്തിപുര, ത്രാല്‍ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നതായാണ് സൂചന.
പുല്‍വാമയില്‍ നടന്നതുപോലുള്ള സ്‌ഫോടനം സംഘടിപ്പിക്കാന്‍ ശേഷിയുള്ള രണ്ടു പേര്‍ മാത്രമേ ഇപ്പോള്‍ കശ്മീരിലുള്ളുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുന്നത്. ഇതിലൊരാള്‍ കംറാനാണ്. പേര് വെളിപ്പെടുത്താത്ത രണ്ടാമനെ പിടികൂടാനുള്ള ശ്രമം പുരോഗിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി.
അതേ സമയം, പുല്‍വാമയില്‍ പൊട്ടിത്തെറിച്ച ബോംബ് അവിദഗ്ധമായാണ് പാക്ക് ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നെ അത് കംറാന്‍ ആയിരിക്കാന്‍ സാധ്യതയില്ലെന്നുമുള്ള വിലയിരുത്തലുണ്ട്. ശരിയായ രീതിയില്‍ പാക്ക് ചെയ്തിരുന്നെങ്കില്‍ സ്‌ഫോടനത്തിന്റെ ആഘാതം ഇതിലും കൂടുമായിരുന്നുവെന്നും വിദഗ്ധര്‍ പറയുന്നു.
സ്‌ഫോടനത്തിന് ഉപയോഗിച്ച വാഹനം ഏതാണെന്നതും ഇതുവരെ തിരിച്ചറിയാന്‍ ആയിട്ടില്ല. വാഹനത്തിന്റെ ചേസിസ് നമ്പറോ നമ്പര്‍ പ്ലേറ്റോ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.