ജി20 ഉച്ചകോടിക്ക് സുരക്ഷയൊരുക്കാന്‍ 1.30 ലക്ഷം ഉദ്യോഗസ്ഥര്‍; ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും

Update: 2023-09-01 11:53 GMT
ന്യൂഡല്‍ഹി: ഈ മാസം ഒമ്പതിന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയിലെത്തുന്ന ലോകനേതാക്കള്‍ക്ക് സുരക്ഷയൊരുക്കാന്‍ 1.30 ലക്ഷം ഉദ്യോഗസ്ഥരും ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങളും സജ്ജമാക്കുന്നു. 80,000ത്തോളം ഡല്‍ഹി പോലിസ് ഉള്‍പ്പെടെയാണിത്. ദ്വിദിന ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുതല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, സൗദി അറേബ്യയുടെ മുഹമ്മദ് ബിന്‍ സല്‍മാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജപ്പാന്‍, ആസ്‌ത്രേലിയ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള നേതാക്കളും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുക്രെയ്‌നിലെ യുദ്ധത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വിമര്‍ശനം നേരിടുന്ന റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ പങ്കെടുക്കില്ല. പകരം റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പങ്കെടുക്കും. ഐക്യരാഷ്ട്രസഭ, അന്താരാഷ്ട്ര നാണയ നിധി, ലോകബാങ്ക്, ലോക വ്യാപാര സംഘടന, ലോകാരോഗ്യ സംഘടന എന്നിവയുടെ തലവന്‍മാരും പങ്കെടുക്കും.

    ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഡല്‍ഹിയുടെ ഹൃദയഭാഗത്തുള്ള കണ്‍വന്‍ഷന്‍ കം എക്‌സിബിഷന്‍ സെന്ററായ, നവീകരിച്ച പ്രഗതി മൈതാനത്താണ് ജി 20 ഉച്ചകോടി നടക്കുന്നത്. നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ കമ്മീഷണര്‍ ദേവേന്ദ്ര പതകിനാണ്. ക്രമസമാധാന പാലനത്തിനായി ഹോം ഗാര്‍ഡുകളും പാരാ മിലിറ്ററി ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സും ഉള്‍പ്പെടെ മറ്റ് സര്‍ക്കാര്‍ സുരക്ഷാ സേവനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നഗരത്തിന്റെ സുരക്ഷാ ചുമതല പഥക്കിന് ആണെങ്കില്‍, പ്രധാന വേദി മറ്റൊരു ഡല്‍ഹി പോലിസ് സ്‌പെഷ്യല്‍ കമ്മീഷണറായ രണ്‍വീര്‍ സിംഗ് കൃഷ്ണിയയുടെ കീഴിലുള്ള ടീമിനാണ് ചുമതല. രാജ്യതലസ്ഥാനം താരതമ്യേന ശാന്തമാണെങ്കിലും, കഴിഞ്ഞ മാസം, സമീപത്തെ വ്യാവസായിക ടൗണ്‍ഷിപ്പായ ഗുരുഗ്രാമിലുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ആശങ്കയ്ക്കിടയാക്കിയിരുന്നു. അക്രമത്തില്‍ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ഉച്ചകോടി നടക്കുന്ന ദിവസങ്ങളില്‍ ന്യൂഡല്‍ഹിയുടെ അതിര്‍ത്തികള്‍ കര്‍ശനമായി സംരക്ഷിക്കുമെന്നും നഗരത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

    20 ദശലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരത്തിലെ സ്‌കൂളുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും സംയോജിത ബഹിരാകാശ പ്രതിരോധത്തിനായി സമഗ്രമായ നടപടികള്‍ വിന്യസിക്കുമെന്ന് ഇന്ത്യന്‍ വ്യോമസേനാ വക്താവ് പറഞ്ഞു. എയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സൈന്യവും ഡല്‍ഹി പോലിസും അര്‍ധസൈനിക സേനയും ചേര്‍ന്ന് വ്യോമാക്രമണ ഭീഷണി തടയാന്‍ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ വിന്യസിക്കും. നാനൂറോളം അഗ്‌നിശമന സേനാംഗങ്ങളും രംഗത്തുണ്ടാവും. വേദിയില്‍ സുരക്ഷാ കണ്‍ട്രോള്‍ റൂമുകളും ബൈഡന്‍ താമസിക്കുന്ന ഐടിസി മൗര്യ ഹോട്ടല്‍ പോലുള്ള പ്രധാന ഹോട്ടലുകളില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ന്യൂഡല്‍ഹിയില്‍ പുതിയ ജലധാരകളും അലങ്കാര സസ്യങ്ങളും പ്രധാന ട്രാഫിക് റൗണ്ട് എബൗട്ടുകളെ അലങ്കരിച്ചിരിട്ടുണ്ട്. ഉച്ചകോടി സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി തലസ്ഥാനത്ത് 300 മില്യണ്‍ ഡോളറിന്റെ വേദിയാണ് ഒരുക്കുന്നത്. ജൂലൈയില്‍ പ്രധാനമന്ത്രി മോദിയാണ് ഉദ്ഘാടനം ചെയ്തത്. 3,000ത്തിലേറെ പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ശംഖ് ആകൃതിയിലുള്ളതാണ് കെട്ടിടം. നേതാക്കളെ കടത്തിവിടുന്നതിനായി 180 മില്യണ്‍ ഇന്ത്യന്‍ രൂപ(2.18 മില്യണ്‍ ഡോളര്‍) ചെലവില്‍ 20 ബുള്ളറ്റ് പ്രൂഫ് ലിമോസിനുകളും സര്‍ക്കാര്‍ പാട്ടത്തിനെടുത്തിട്ടുണ്ട്. പല ലോകനേതാക്കളും സ്വന്തം അംഗരക്ഷകരോടും വാഹനങ്ങളോടും കൂടിയാണ് യാത്ര ചെയ്യുക. ഉച്ചകോടിക്ക് ചുറ്റും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കാലയളവില്‍ 20ലധികം വിമാനങ്ങള്‍ യുഎസ് കൊണ്ടുവരുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Tags:    

Similar News