ബീജിങ്: വടക്കുകിഴക്കന്‍ ചൈനയിലെ ഒരു വെയര്‍ ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിക്കുകയും 12 പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ ഹൗസിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി.
കെട്ടിടങ്ങളുടെ അനധികൃത നിര്‍മാണവും തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമുണ്ടാക്കുന്ന കെട്ടിടങ്ങളും കാരണം ചൈനയില്‍ തീപ്പിടിത്ത അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍ മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഒരു ആയോധനകല ബോര്‍ഡിങ് സ്‌കൂളില്‍ ഉണ്ടായ തീപിടിത്തത്തില്‍ 18 പേര്‍ മരണപ്പെട്ടിരുന്നു. ഇവരില്‍ കൂടുതലും സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരുന്നു.
സ്‌കൂള്‍ കെട്ടിടത്തില്‍ അഗ്‌നി സുരക്ഷാ ഓഡിറ്റുകള്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 2017ല്‍ ബീജിംഗിലെ കുടിയേറ്റ മേഖലയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് ഡസനിലേറെ പേര്‍ മരണപ്പെട്ടിരുന്നു. ഇതേ വര്‍ഷം തന്നെ നവംബറില്‍ 19 പേര്‍ മറ്റൊരു തീപ്പിടിത്തത്തില്‍ കൊല്ലപ്പെട്ടതോടെ തലസ്ഥാനത്തെ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചു. 2010ല്‍ 28 നിലകളുള്ള ഷാങ്ഹായ് റെസിഡന്‍ഷ്യല്‍ ബ്ലോക്കിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 58 പേര്‍ മരണപ്പെട്ടിരുന്നു.
14 Dead, 12 Injured In Warehouse Fire In China: Reports