പോലിസ് സ്‌റ്റേഷനില്‍ 14കാരന് ക്രൂരമര്‍ദ്ദനം; മുതുകില്‍ചവിട്ടി ലാത്തി കൊണ്ട് തല്ലിയെന്ന് കുടുംബം

Update: 2023-11-11 05:57 GMT

ആലപ്പുഴ: പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ 14കാരനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് തല്ലുകയും ചെയ്തതിനെ തുടര്‍ന്ന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ കുടുംബം പോലിസിനെതിരേ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളിയുടെ മകനായ പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനത്തിനിരയായത്. രണ്ടു ദിവസം മുമ്പ് കുട്ടി ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിച്ച് പോവുമ്പോള്‍ മണ്ണഞ്ചേരിയില്‍ എതിരെ വന്ന ഒരു പെണ്‍കുട്ടിയുടെ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചിരുന്നു. പോലിസ് സ്ഥലത്തെത്തിയപ്പോള്‍ തന്റെ ഭാഗത്താണ് തെറ്റെന്നും താന്‍ എതിര്‍ദിശയിലാണ് സ്‌കൂട്ടര്‍ ഓടിച്ചതെന്നും പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് റിപോര്‍ട്ടുകള്‍. അന്ന് തന്നെ പ്രശ്‌നം പറഞ്ഞ് തീര്‍ത്തിരുന്നുവെന്നും എന്നാല്‍ അടുത്തദിവസം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ അന്വേഷിച്ച് വീട്ടില്‍ വന്നതിനു പിന്നാലെയാണ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും കുടുംബം പറയുന്നു. മാതാപിതാക്കളെ സ്‌റ്റേഷന് പുറത്ത് നിര്‍ത്തിയ ശേഷം അകത്ത് വച്ച് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ ആറുമണിക്കൂറോളം പോലിസ് കസ്റ്റഡിയില്‍ വച്ചു. കുട്ടിയുടെ മുതുകില്‍ ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നുണ്ട്. കുട്ടിയുടെ ദേഹത്ത് മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. അതേസമയം, കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലാവാതെയാണ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പോലിസ് ഭാഷ്യം.


Tags:    

Similar News