ബോംബ് ഭീഷണി; ബെംഗളൂരുവിലെ 15 സ്‌കൂളുകള്‍ ഒഴിപ്പിച്ചു

Update: 2023-12-01 05:58 GMT

ബെംഗളൂരു: ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബെംഗളൂവിലെ 15 സ്‌കൂളുകള്‍ ഒഴിപ്പിച്ചു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് ഇ-മെയില്‍ വഴി സന്ദേശമെത്തിയത്. ഉടന്‍തന്നെ പോലിസെത്തി വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു പോലിസ് കമ്മീഷണര്‍ ബി ദയാനന്ദ പറഞ്ഞു. സ്ഥാപനത്തില്‍ സ്‌ഫോടകവസ്തുക്കള്‍ വച്ചിട്ടുണ്ടെന്നും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാമെന്നുമാണ് സ്‌കൂളിലെ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ക്ക് ഇ-മെയില്‍ ലഭിച്ചത്. ചില സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ സമീപത്തെ കളിസ്ഥലങ്ങളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ ആണ് മാറ്റിത്. ചില സ്‌കൂളുകള്‍ രക്ഷിതാക്കളോട് വന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.വിവരമറിഞ്ഞ് രക്ഷിതാക്കളും മറ്റും സ്‌കൂളുകളിലെത്തിയതോടെ പരിഭ്രാന്തി വര്‍ധിച്ചു. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്തുള്ള സ്‌കൂളിന് ഉള്‍പ്പെടെ സന്ദേശം ലഭിച്ചിരുന്നു. എവിടെനിന്നാണ് സന്ദേശം അയച്ചത് എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലിസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷവും ബെംഗളൂരുവിലെ ചില സ്‌കൂളുകള്‍ക്ക് സമാനമായ രീതിയില്‍ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.

Tags:    

Similar News