ചികില്‍സയ്ക്ക് 16 കോടി; ലക്ഷദ്വീപിന്റെ ഇശാല്‍ മറിയത്തിനും വേണം കേരളത്തിന്റെ കൈത്താങ്ങ്
അമേരിക്കയില്‍നിന്ന് എത്തിക്കേണ്ട 16 കോടി രൂപയുടെ സോള്‍ജന്‍സ്മ (ജീന്‍ റീപ്ലേസ്‌മെന്റ് തെറപ്പി) ഇന്‍ജക്ഷന്‍ തന്നെയാണ് ഇശാല്‍ മറിയത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗുരുതര എസ്എംഎ ടൈപ് വണ്‍ ആണ് കുട്ടിയുടെ രോഗാവസ്ഥ. ജനനശേഷം ഒരുമാസമായപ്പോഴാണ് കുഞ്ഞിന്റെ കൈകാലുകള്‍ക്ക് ശേഷി കുറയുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്.
കൊച്ചി: കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിനെ പോലെ സുമനസ്സുകളുടെ കാരുണ്യം കാത്തുകഴിയുന്ന ഒരു കുരുന്ന് ലക്ഷദ്വീപിലുമുണ്ട്. ലക്ഷദ്വീപ് കടമത്ത് സ്വദേശി കൊട്ടാരം പി കെ നാസറിന്റെയും ഭാര്യ ഡോ.എം ജസീനയുടെയും നാലുമാസം മാത്രം പ്രായമായ ഇശാല്‍ മറിയമാണ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ രോഗം ബാധിച്ച് നരകയാതന അനുഭവിക്കുന്നത്. മുഹമ്മദിനായി ലോകമൊന്നടങ്കം കൈകോര്‍ക്കുകയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ചികില്‍സയ്ക്കുള്ള മുഴുവന്‍ പണവും ലഭിക്കുകയും ചെയ്തതോടെ നാസറും ജസീനയും പ്രതീക്ഷയിലാണ്. തങ്ങളുടെ പൊന്നുമോളുടെ ചികില്‍സയ്ക്കാവശ്യമായ പണത്തിന് കേരളത്തിന്റെ കൈത്താങ്ങുണ്ടാവണമെന്നാണ് ഇരുവരുടെയും അപേക്ഷ. മാട്ടൂല്‍ സ്വദേശി മുഹമ്മദിന് വന്ന അതേ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്എംഎ) യാണ് ഇശാല്‍ മറിയത്തെയും പിടികൂടിയിരിക്കുന്നത്.
അമേരിക്കയില്‍നിന്ന് എത്തിക്കേണ്ട 16 കോടി രൂപയുടെ സോള്‍ജന്‍സ്മ (ജീന്‍ റീപ്ലേസ്‌മെന്റ് തെറപ്പി) ഇന്‍ജക്ഷന്‍ തന്നെയാണ് ഇശാല്‍ മറിയത്തിനും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഗുരുതര എസ്എംഎ ടൈപ് വണ്‍ ആണ് കുട്ടിയുടെ രോഗാവസ്ഥ. ജനനശേഷം ഒരുമാസമായപ്പോഴാണ് കുഞ്ഞിന്റെ കൈകാലുകള്‍ക്ക് ശേഷി കുറയുന്നതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ബംഗളൂരുവിലെത്തി പരിശോധനകള്‍ നടത്തിയപ്പോഴാണ് രോഗവിവരം വ്യക്തമായത്. കുഞ്ഞിന്റെ ശരീരത്തിന് ചലനശേഷി നഷ്ടമാവുകയും മാംസ പേശികള്‍ ഓരോന്നായി നശിക്കുകയും ചെയ്യുന്ന സ്ഥിതിയാണിപ്പോള്‍. ബംഗളൂരു ആസ്റ്റര്‍ സിഎംഐ ആശുപത്രിയിലാണ് ചികില്‍സയിലുള്ളത്.
നാലുമാസം മാത്രം പ്രായമായ മകളൊന്ന് കരയുന്നതുപോലും മാതാപിതാക്കളെ ഭയപ്പെടുത്തും. ചെറിയ കരച്ചില്‍പോലും ശ്വാസം നിലയ്ക്കുന്ന അവസ്ഥയിലേക്ക് കുഞ്ഞിനെ എത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഒന്നര വയസ്സിനുള്ളില്‍ ചികില്‍സ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. അതിനാല്‍, ആറ് മുതല്‍ ഏഴ് മാസത്തിനുള്ളില്‍ തുക കണ്ടെത്തേണ്ടിവരും. ബംഗളൂരു വിദ്യാരന്യപുരയിലണ് നാസറും കുടുംബവും താമസിക്കുന്നത്. ഇവിടെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനാണ് നാസര്‍. ലക്ഷദ്വീപ് കടമത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിലും സഹായം ലഭ്യമാക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ ആവശ്യമായ ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ നാസറിനോ കുടുംബത്തിനോ കഴിയില്ല. കാരുണ്യമനസ്സുകള്‍ കൈകോര്‍ത്തെങ്കില്‍ മാത്രമേ പൊന്നുമോള്‍ക്ക് സാധാരണ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്താന്‍ കഴിയുകയുള്ളൂവെന്നാണ് ഈ മാതാപിതാക്കള്‍ വേദനയോടെ പറയുന്നത്. കുട്ടിയുടെ ചികില്‍സാ ആവശ്യാര്‍ഥം ആക്‌സിസ് ബാങ്കിന്റെ ബംഗളൂരു ഹെന്നൂര്‍ ശാഖയില്‍ പി കെ നാസറിന്റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 915010040427467. ഐഎഫ്എസ്‌സി UTIB0002179. ഗൂഗിള്‍ പേ: 8762464897, 9480114897.