ഫതേഹ്പൂരില്‍ 180 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു; ഹൈക്കോടതിയിലെ കേസ് പരിഗണിക്കാതെയാണ് നടപടി(വീഡിയോ)
ഡിസംബര്‍ 13നാണ് അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കേണ്ടിയിരുന്നത്.
ഫതേഹ്പൂര്‍: ഉത്തര്‍പ്രദേശിലെ ഫതേഹ്പൂരില്‍ 180 വര്‍ഷം പഴക്കമുള്ള പള്ളിയുടെ പിന്‍ഭാഗം പൊളിച്ചു. ഫതേഹ്പൂരിലെ ലലൗലി പട്ടണത്തിലെ സദര്‍ ബസാറിലെ നൂരി ജാമിഅ് മസ്ജിദിന്റെ പിന്‍ഭാഗമാണ് പൊളിച്ചിരിക്കുന്നത്. പൊതുസ്ഥലം കൈയേറിയാണ് പള്ളിയുടെ പിന്‍ഭാഗത്തെ നിര്‍മാണമെന്നും റോഡ് വികസനത്തിന് തടസമാണെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ ആരോപണം. പള്ളി പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കെയാണ് സംഭവമെന്ന് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഡിസംബര്‍ 13നാണ് അലഹബാദ് ഹൈക്കോടതി കേസ് പരിഗണിക്കേണ്ടിയിരുന്നത്.
എഡിഎം അനിനാശ് ത്രിപദി, എഎസ്പി ശങ്കര്‍ മിശ്ര എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം രണ്ടു ബുള്‍ഡോസറുകളുമായി എത്തിയാണ് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയത്. പ്രത്യേക സായുധ പോലിസും റാപിഡ് ഏക്ഷന്‍ ഫോഴ്‌സും അവര്‍ക്ക് കാവല്‍ നിന്നു.
റോഡ് വികസനവുമായി ബന്ധപ്പെട്ട സര്‍വേയെ തുടര്‍ന്ന് 2024 സെപ്റ്റംബര്‍ 24നാണ് പൊതുമരാമത്ത് വകുപ്പ് മസ്ജിദ് കമ്മിറ്റിക്ക് നോട്ടീസ് നല്‍കിയത്. പള്ളിയുടെ പിന്‍ഭാഗവും പ്രദേശത്തെ 133 വീടുകളും കടകളും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പ് നോട്ടീസില്‍ ആരോപിച്ചത്.
പൊതുമരാമത്ത് വകുപ്പിന്റെ നോട്ടീസിനെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നതായി മസ്ജിദ് കമ്മിറ്റി സെക്രട്ടറി സയ്യിദ് നൂരി പറഞ്ഞു. കേസ് ഡിസംബര്‍ 13ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു. കോടതിയുടെ നോട്ടീസ് കൈപറ്റിയ ശേഷമാണ് പള്ളി പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ വന്നതെന്നും സയ്യിദ് നൂരി ചൂണ്ടിക്കാട്ടി.
ചരിത്രപ്രാധാന്യമുള്ള പള്ളി പൊളിക്കുന്നത് രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന് എതിരാണെന്ന് മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയില്‍ നല്‍കിയ ഹരജി പറയുന്നു. ഒരിക്കല്‍ തകര്‍ത്താല്‍ പിന്നെ ചരിത്ര സ്മാരകങ്ങളെ പുനര്‍നിര്‍മിക്കാനോ പുനസ്ഥാപിക്കാനോ സാധിക്കില്ല. മുന്‍കാലങ്ങളില്‍ നല്‍കിയ നിവേദനങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അതിനാല്‍ പൊളിക്കല്‍ നടപടികളില്‍ നിന്ന് സര്‍ക്കാരിനെ തടയണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
പള്ളിയുടെ പുരാവസ്തു മൂല്യം കണക്കാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേയെ ചുമതലപ്പെടുത്തണമെന്നും സാധ്യമെങ്കില്‍ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യങ്ങളില്‍ തീരുമാനമാവും വരെ പൊളിക്കല്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നോട്ടീസ് കൈപറ്റിയിട്ടും ചരിത്രപ്രാധാന്യമുള്ള പള്ളി പൊളിക്കുകയാണ് അധികൃതര്‍ ചെയ്തിരിക്കുന്നത്.