നാലുവര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് പിടികൂടിയത് 1,820.23 കിലോ കള്ളക്കടത്ത് സ്വര്‍ണം; മൂല്യം 616 കോടി, അറസ്റ്റിലായത് 904 പേര്‍

Update: 2021-08-09 10:23 GMT

ന്യൂഡല്‍ഹി: കേരളത്തിലെ സ്വര്‍ണ കള്ളക്കടത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ട് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍നിന്ന് 1,820.23 കിലോ കള്ളക്കടത്ത് സ്വര്‍ണമാണ് പിടികൂടിയത്. 2016-20 കാലയളവിലാണ് കേരളത്തില്‍നിന്ന് 616 കോടി രൂപ മൂല്യം വരുന്ന അനധികൃതമായി കൊണ്ടുവന്ന 1,820.23 കിലോ സ്വര്‍ണം പിടികൂടിയിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയില്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 3,166 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 904 പേര്‍ അറസ്റ്റിലാവുകയും ചെയ്തു. നാലുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓരോ വര്‍ഷവും കള്ളക്കടത്ത് സ്വര്‍ണത്തിന്റെ അളവും കേസുകളുടെ എണ്ണവും കുത്തനെ വര്‍ധിക്കുകയാണെന്ന് വ്യക്തമാവും. 2016 ല്‍ ആകെ 166 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2020 ആയപ്പോഴും ആകെ കേസുകളുടെ എണ്ണം 684 ആയി ഉയര്‍ന്നു.

2017ല്‍ 259 കേസുകളും 2018ല്‍ 981 കേസുകളും 2019ല്‍ 1,076 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. പിടിച്ചെടുത്ത സ്വര്‍ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. 2016 നേക്കാള്‍ ആറിരട്ടിയിലേറെ സ്വര്‍ണമാണ് 2020ല്‍ പിടിച്ചെടുത്തിരിക്കുന്നത്. 2016ല്‍ 19 കോടി മൂല്യം വരുന്ന സ്വര്‍ണം പിടിച്ചെങ്കില്‍ 2020ല്‍ പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യമാവട്ടെ 186.14 കോടി രൂപയാണ്. കഴിഞ്ഞ നാലുവര്‍ഷത്തെ സ്വര്‍ണ കള്ളക്കടത്തിന്റെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്.

2016: ആകെ കേസുകള്‍- 166, പിടിച്ചെടുത്ത സ്വര്‍ണം (കിലോഗ്രാമില്‍)- 75.428, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം 19.35 കോടി രൂപ, ആകെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- 15.

2017: ആകെ കേസുകള്‍- 259, പിടിച്ചെടുത്ത സ്വര്‍ണം (കിലോഗ്രാമില്‍)- 140.618, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം- 38.39 കോടി രൂപ, ആകെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- 45.

2018: ആകെ കേസുകള്‍- 981, പിടിച്ചെടുത്ത സ്വര്‍ണം (കിലോഗ്രാമില്‍) 447.627, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം- 130.65 കോടി രൂപ, ആകെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- 153.

2019: ആകെ കേസുകള്‍- 1076, പിടിച്ചെടുത്ത സ്വര്‍ണം (കിലോഗ്രാമില്‍)- 726.631, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം- 241.67 കോടി രൂപ, ആകെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- 348.

2020: ആകെ കേസുകള്‍- 684, പിടിച്ചെടുത്ത സ്വര്‍ണം (കിലോഗ്രാമില്‍)- 429.93, പിടിച്ചെടുത്ത സ്വര്‍ണത്തിന്റെ മൂല്യം- 186.14കോടി രൂപ, ആകെ അറസ്റ്റ് ചെയ്യപ്പെട്ടവര്‍- 343.

Tags:    

Similar News