റഷ്യക്ക് സൈനിക സഹായം: 19 ഇന്ത്യന്‍ കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി യുഎസ്
സിഖ് വിമതന്‍ ഗുര്‍പന്ത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തില്‍ യുഎസും ഇന്ത്യയും തമ്മില്‍ നയതന്ത്രബന്ധം മോശമായിരിക്കെയാണ് പുതിയ നടപടി.
ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യ നടത്തുന്ന സൈനിക നടപടിയെ സഹായിച്ചെന്നാരോപിച്ച് 19 ഇന്ത്യന്‍ കമ്പനികളെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കാരായ രണ്ടു വ്യക്തികള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് വക്താവ് അറിയിച്ചു. യുക്രൈന്‍ യുദ്ധത്തില്‍ റഷ്യക്ക് വേണ്ട സൈനിക സാങ്കേതിക സഹായങ്ങള്‍ ഈ കമ്പനികളും വ്യക്തികളും നല്‍കുന്നുണ്ടെന്നാണ് ആരോപണം.
സിഖ് വിമതന്‍ ഗുര്‍പന്ത്‌വന്ത് സിങ് പന്നുവിനെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന ആരോപണത്തില്‍ യുഎസും ഇന്ത്യയും തമ്മില്‍ നയതന്ത്രബന്ധം മോശമായിരിക്കെയാണ് പുതിയ നടപടി. പന്നുവിനെ കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഇന്ത്യ അര്‍ത്ഥപൂര്‍ണമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സ്റ്റേറ്റ് വക്താവ് പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ 600ല്‍ അധികം കമ്പനികളെയാണ് ഇന്നലെ യുഎസ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.ഈ കമ്പനികള്‍ക്ക് ഇനി യുഎസില്‍ ബിസിനസ് ചെയ്യാനാവില്ല. കൂടാതെ ഇവരുടെ അക്കൗണ്ടുകള്‍ക്കെതിരേയും നടപടികള്‍ സ്വീകരിക്കും. യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈന്റെ പക്ഷത്തുള്ള അമേരിക്ക നേരത്തെ റഷ്യക്കെതിരേ ഉപരോധം പ്രഖ്യാപിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി വന്നതോടെ റഷ്യാവിരുദ്ധ വികാരം ശക്തമാക്കാനാണ് നീക്കം.