മെക്‌സിക്കോയില്‍ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ രണ്ട് യുഎസ് പൗരന്‍മാര്‍ വെടിയേറ്റ് മരിച്ച നിലയില്‍
മെക്‌സിക്കോ സിറ്റി: കഴിഞ്ഞയാഴ്ച മെക്‌സിക്കോയില്‍ തോക്കിന്‍മുനയില്‍ തട്ടിക്കൊണ്ടുപോയ നാല് യുഎസ് പൗരന്‍മാരില്‍ രണ്ടുപേരെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മറ്റ് രണ്ടുപേരെ ജീവനോടെ കണ്ടെത്തി. ഇതില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും മെക്‌സിക്കന്‍ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇവരെ ചികില്‍സയ്ക്കും നിരീക്ഷണത്തിനുമായി ടെക്‌സാസിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഷയീദ് വുഡാര്‍ഡിനെയും സിന്‍ഡല്‍ ബ്രൗണിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അവരുടെ മൃതദേഹങ്ങള്‍ യുഎസ് സര്‍ക്കാരിന് കൈമാറുന്നതിന് മുമ്പ് മെക്‌സിക്കന്‍ അധികൃതര്‍ പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വടക്കുകിഴക്കന്‍ സംസ്ഥാനമായ തമൗലിപാസിലെ മാറ്റമോറോസ് നഗരത്തിലേക്ക് വാഹനത്തില്‍ യാത്ര ചെയ്യവെയാണ് ആയുധധാരികള്‍ യുഎസ് പൗരന്‍മാരെ തട്ടിക്കൊണ്ടുപോയത്. രണ്ടുപുരുഷന്‍മാരാണ് മരിച്ചത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായും നാട്ടിലേക്ക് കൊണ്ടുപോവുന്നതായും യുഎസ് അധികൃതര്‍ അറിയിച്ചു. ജീവനോടെ രക്ഷപ്പെട്ട ഒരു പുരുഷനെയും സ്ത്രീയെയും യുഎസ് കോണ്‍സുലേറ്റിന്റെ സഹകരണത്തോടെ ചൊവ്വാഴ്ച യുഎസിലേക്ക് എത്തിച്ചതായി തമൗലിപാസ് അറ്റോര്‍ണി ജനറല്‍ ഇര്‍വിങ് ബാരിയോസ് മോജിക്ക ട്വീറ്റ് ചെയ്തു.