മുംബൈ നഗരത്തില്‍ വന്‍ തീപ്പിടിത്തം; രണ്ട് മരണം
പൊള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു.
മുംബൈ: നഗരമധ്യത്തിലെ ഭേന്ദി ബസാറിലെ കെട്ടിടത്തില്‍ വന്‍ അഗ്‌നിബാധ. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. പൊള്ളലേറ്റ 12 പേരെ രക്ഷപ്പെടുത്തിയെന്നും ഇവരെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, ആളപായമൊന്നുമുണ്ടായിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രിയാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്തുന്നതിനായി പരിശോധന തുടരുകയാണെന്ന് പോലിസ് അറിയിച്ചു. 12 ഓളം അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്. നിലവില്‍ തീ നിയന്ത്രണ വിധേയമാണെന്നാണ് റിപോര്‍ട്ട്. അപകടമുണ്ടായ സമയത്ത് ബസാറില്‍ നല്ല ജനത്തിരക്കുണ്ടായിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനുള്ള കാരണമെന്നാണ് പ്രാഥമിക വിവരം. തീപ്പിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായും പോലിസ് വൃത്തങ്ങള്‍ അറിയിച്ചു.