'രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണം'; ഗവര്‍ണര്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്

Update: 2022-11-21 10:47 GMT

തിരുവനന്തപുരം: രാജ്ഭവനിലെ 20 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്കയച്ച കത്ത് പുറത്ത്. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രിക്ക് നേരിട്ട് അയച്ച കത്താണ് പുറത്തുവന്നത്. കുടുംബശ്രീ വഴി നിയമിതരായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. അഞ്ചുവര്‍ഷത്തില്‍ താഴെ സേവനപരിചയമുള്ള ജീവനക്കാര്‍ക്കുവേണ്ടിയാണ് ഗവര്‍ണറുടെ ശുപാര്‍ശ. ദീര്‍ഘകാലത്തെ സേവനകാലാവധി പരിഗണിച്ച് രാജ്ഭവനിലെ താല്‍ക്കാലിക ഫോട്ടോഗ്രാഫറായ പി ദിലീപ് കുമാറിനെ സ്ഥിരപ്പെടുത്തണമെന്നും ഗവര്‍ണര്‍ ഇതേ കത്തില്‍ ആവശ്യമുന്നയിച്ചിരുന്നു.


 കരാറടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫറായി ജോലിചെയ്തിരുന്ന ദിലീപിനെ സ്ഥിരപ്പെടുത്താനായി 'സൈഫര്‍ അസിസ്റ്റന്റ്' എന്ന തസ്തിക ഫോട്ടോഗ്രാഫര്‍ തസ്തികയാക്കി പുനര്‍നാമകരണം ചെയ്യണമെന്നും ഗവര്‍ണര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗവര്‍ണറുടെ ആവശ്യം പരിഗണിച്ച് ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്തികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കഴിഞ്ഞ ഫെബ്രുവരി 17നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഗവര്‍ണര്‍ പ്രത്യേക താല്‍പ്പര്യപ്രകാരം, മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനമെന്ന് ഇദ്ദേഹത്തെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. 27-800 59-400 രൂപ ശമ്പള സ്‌കെയിലിലാണ് ദിലീപ്കുമാറിന് ഗവര്‍ണറുടെ താല്‍പ്പര്യപ്രകാരം നിയമനം നല്‍കിയത്.


 സര്‍ക്കാരിനെതിരേ പിന്‍വാതില്‍ നിയമന ആരോപണമുന്നയിക്കുന്ന ഗവര്‍ണര്‍തന്നെ 20 താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരനിയമനം നല്‍കുന്നതിനായി കത്തയച്ചത് പുറത്തുവന്നതോടെ രാജ്ഭവന്‍ പ്രതിരോധത്തിലായിരിക്കുകയാണ്. അതേസമയം, കത്തില്‍ വിശദീകരണവുമായി രാജ്ഭവന്‍ രംഗത്തെത്തി.


 ഫൊട്ടോഗ്രാഫര്‍ക്കായി പുതിയ തസ്തിക സൃഷ്ടിച്ചിട്ടില്ല. ഫൈസര്‍ അസിസ്റ്റന്റ് എന്ന പേരില്‍ നേരത്തെ തസ്തിക ഉണ്ടായിരുന്നു. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ആവശ്യപ്പെട്ടത് ജീവനക്കാരുടെ കുറവുമൂലമാണ്. ഇവരെ നിയമിച്ചത് മുന്‍ ഗവര്‍ണറുടെ കാലത്താണെന്നും രാജ്ഭവന്‍ വിശദീകരിക്കുന്നു.

Tags:    

Similar News